അഞ്ചുതെങ്ങ്: ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ വഴിവിളക്കുകൾ ദിവസങ്ങളോളം പ്രകാശിച്ചു കിടക്കുന്നു. കൃത്യസമയങ്ങളിൽ ഓൺ ഓഫ് ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി.
അഞ്ചുതെങ്ങ് മീരാൻകടവ് മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെയുള്ള പ്രദേശത്തെ വഴിവിളക്കുകളാണ് 24 മണിക്കൂറും കത്തിക്കിടക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശത്തെയും അവസ്ഥയാണിത്. പ്രദേശവാസികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ കണ്ടില്ലെന്ന മട്ടാണ്.
വഴിവിളക്കുകളുടെ ഓൺ ഓഫ് സംവിധാനം ഓരോ പ്രദേശങ്ങളിലും വിവിധയിടങ്ങൾ കേന്ദ്രീകരിച്ചാണ് ഒരുക്കിയിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ രാവിലെയും വൈകിട്ടും കടയ്ക്കാവൂർ ഇലട്രിസിറ്റി ബോർഡ് ജീവനക്കാരെത്തി ഓൺ ഓഫ് ചെയുന്ന പതിവാണുണ്ടായിരുന്നത്. എന്നാൽ ഇത് പലപ്പോഴും കൃത്യമായി നടക്കാറില്ല. ഒരുതവണ ഓൺ ചെയ്താൽ പിന്നെ ദിവസങ്ങളോളം ലൈറ്റുകൾ രാവും പകലും കത്തികിടക്കുന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ ലൈറ്റുകൾ പെട്ടെന്ന് കേടാകുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. വഴിവിളക്കുകൾ കൃതൃമായി ഓൺ ഓഫ് ചെയ്യാൻ സംവിധാനമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.