തിരുവനന്തപുരം: മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ 4 മുതൽ 6 വരെ ജനകീയ ശുചീകരണ പരിപാടി സംഘടിപ്പിക്കുമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. രോഗാണുവാഹകരായ ജീവികളുടെ വളർച്ച തടയുക, പരിസരശുചിത്വം ഉറപ്പാക്കുക എന്നിവയാണ് ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവർ സംയുക്തമായി നടത്തുന്ന ശുചീകരണ പരിപാടിയുടെ ലക്ഷ്യം. 4ന് തൊഴിലിടങ്ങൾ, 5ന് പൊതു ഇടങ്ങൾ, 6ന് വീടുകൾ എന്നിങ്ങനെയാണ് പരിപാടി നടക്കുക. ഹരിതകർമസേന, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി, റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ എന്നിവർ 5 പേരടങ്ങുന്ന സംഘങ്ങളായി ഓരോയിടവും വൃത്തിയാക്കും.ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്.ഷിനു വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.