തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് നൽകിയതോടെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പലതും 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിച്ചു തുടങ്ങിയിട്ടും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഏജീസ് ഓഫീസ് തുറക്കുന്നില്ലെന്ന് ആക്ഷേപം.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി വിരമിച്ച സംസ്ഥാനസർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് സംബന്ധിച്ച ഫയലുകൾ ഇക്കാരണത്താൽ ക്യൂവിലാണ്. സംസ്ഥാന സർക്കാർ സ്ഥാപനമല്ലാത്തതിനാൽ ഏജീസ് ഓഫീസ് തുറക്കുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകാൻ സംസ്ഥാനത്തിന് കഴിയില്ല. ജൂൺ 9ന് ശേഷമേ ഓഫീസ് തുറക്കുന്നത് സംബന്ധിച്ച് തീരുമാനമാകൂവെന്നാണ് അറിയുന്നത്. വിരമിച്ച ജീവനക്കാർ ആനുകൂല്യത്തിനായി കാത്തിരുന്നിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.