ഏലൂർ: നഗരസഭയിലെ പാതാളം പാലത്തിന് സമീപം നിർമ്മിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ആൽമരത്തിന്റെ വേരുകൾ ഇറങ്ങി ഉപയോഗശൂന്യമായി മാറി. പെരിയാറിനു കുറുകെയുള്ള പാലം കയറിയാൽ സമീപ പഞ്ചായത്തായ കടുങ്ങല്ലൂരിന്റെ കീഴിൽ വരുന്ന എടയാർ വ്യവസായ മേഖലയാണ്. പത്തു വർഷത്തോളം പഴക്കമുള്ള എയ്ഡ് പോസ്റ്റ് സ്വകാര്യ കമ്പനിയായ സി.എം.ആർ.എൽ നിർമ്മിച്ചു നൽകിയതാണ്. ഇതിലുണ്ടായിരുന്ന സി.സി.ടി.വി കാമറകൾ എല്ലാം നഷ്ടപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തോളം പൊലീസ് ഡ്യൂട്ടി ഉണ്ടായിരുന്നു. ക്രമേണ നോക്കുകുത്തിയായി മാറി. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ 50 മീ. മാറി താൽക്കാലിക ഷെഡ് കെട്ടിയാണ് പൊലീസ് പരിശോധന നടത്തുന്നത്. മാസങ്ങൾക്കു മുമ്പ് ബംഗ്ലാദേശ് ഭീകരനെ ഐ.എൻ.എ പൊക്കിയതും എയ്ഡ് പോസ്റ്റിന് സമീപമുള്ള വീട്ടിൽ നിന്നാണ്. അറവു മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും പാലത്തിന് മുകളിൽ നിന്ന് പെരിയാറിലേക്കും വഴിയരികിലേക്കും തള്ളുന്നത് നിത്യസംഭവമാണ്. അനധികൃത മണൽ കടത്തുൾപ്പെടെയുള്ള പല വാഹനങ്ങൾക്കും ദേശീയ പാതയിൽ നിന്നു മാറി പൊലീസിന്റെ കണ്ണുവെട്ടിച്ച് പോകാൻ ഉപകരിക്കുന്ന പാതയാണിവിടം. കുറ്റകൃത്യങ്ങൾ തടയാൻ പൊലീസിന്റെ സ്ഥിരസാന്നിദ്ധ്യം ഉപകരിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.