നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ പുറയാർ ചാന്തേലിപ്പാടശേഖരത്തെ ചെങ്ങൽ തോടുമായി ബന്ധിപ്പിക്കുന്ന 'ചാന്തേലിതോട് ' മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ചു. ചാന്തേലിപ്പാടം കാർഷിക ഗ്രൂപ്പ് ഇവിടെ 18 ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചിട്ടുണ്ട്. എന്നാൽ തോട് കാടുകയറി അടഞ്ഞതിനാൽ കൃഷിയിടത്തിൽ നിന്നും മഴവെള്ളം ചെങ്ങൽ തോട്ടിലേക്ക് ഒഴുകിപ്പോകാതെ കെട്ടി നിൽക്കുകയാണ്.
ഇറിഗേഷൻ കനാലിന്റെ അടിയിലൂടെ തോട് കടന്നു പോകുന്ന ഭാഗത്ത് സ്വകാര്യ വ്യക്തി നടത്തിയ അനധികൃത പാലം നിർമ്മാണം നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതും തോട് വർഷങ്ങളായി വൃത്തിയാക്കാത്തതുമാണ് വെള്ളമൊഴുക്ക് തടസപ്പെടാൻ കാരണം. കർഷകർ നിരന്തരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. തോട് വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതരും ഇറിഗേഷൻ ഉദ്യോസ്ഥരും നടപടിയെടുക്കണമെന്ന് കേരള കർഷക സംഘം നെടുമ്പാശ്ശേരി ഏരിയ പ്രസിഡന്റ് പി.ജെ. അനിൽ, മേഖല സെക്രട്ടറി കെ.വി. ഷാലി എന്നിവർ ആവശ്യപ്പെട്ടു.