ആലക്കോട്: ഗ്രൂപ്പ് വഴക്കും തമ്മിലടിയും പാരവയ്പ്പും മൂലം ക്ഷീണിച്ച ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിൽ ഇനി വേണ്ടത് അടിമുടി പരിഷ്കാരം. ഒരു വർഷത്തിനിടെ പാർട്ടിയ്ക്കും യു.ഡി.എഫിനും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന വിധത്തിലാണ് ഗ്രൂപ്പുകൾ തമ്മിൽ മത്സരിച്ചതെന്നാണ് അണികൾക്കിടയിലെ ആക്ഷേപം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വോട്ടർമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരനെ വിജയിപ്പിക്കുവാൻ നിലപാടെടുത്തപ്പോൾ ഭൂരിഭാഗം പഞ്ചായത്തുകളിലും യു.ഡി.എഫിന് മേൽക്കൈ നേടാനായി. ഈ കണക്കുകൂട്ടലിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
കൈവശമുണ്ടായിരുന്ന ഉദയഗിരി, നടുവിൽ, പയ്യാവൂർ പഞ്ചായത്തുകൾ നഷ്ടമായി. ആലക്കോട് പഞ്ചായത്ത് ഭരണം നിലനിറുത്തിയത് കേവലം ഒരു സീറ്റിന്റെ പിൻബലത്തിലാണ്. ഇതിൽ നടുവിൽ ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയത് എന്തിനെന്ന് വ്യക്തമായ ഒരു വിശദീകരണം നൽകാൻ പോലും പാർട്ടിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്നും കരകയറാൽ കഴിയുന്നതിന് മുമ്പേ നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയത് വിഘടിച്ചു നിന്ന കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള കിടമത്സരം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.
എ ഗ്രൂപ്പിന് വ്യക്തമായ മുൻതൂക്കമുള്ള ഇരിക്കൂറിൽ കഴിഞ്ഞ എട്ട് പ്രാവശ്യം തുടർച്ചയായി വിജയിച്ച കെ.സി. ജോസഫ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ഇനി ആരായിരിക്കും വരികയെന്നത് പാർട്ടിക്കുള്ളിലും സജീവമായ ചർച്ചയായി. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ അഡ്വ. സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്ന് കെ.സി. ജോസഫും എ വിഭാഗവും നിലപാടെടുത്തപ്പോൾ ഐ ഗ്രൂപ്പ് അഡ്വ. സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടാണെടുത്തത്.
ഹൈക്കമാന്റും സജീവ് ജോസഫിനെ പിൻതുണച്ചതോടെ എ വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും വാർഡ് കമ്മിറ്റികളും കൈവശമുള്ള എ ഗ്രൂപ്പിനെ അനുനയിപ്പിക്കുവാൻ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള തലമുതിർന്ന നേതാക്കൾ പാടുപെടേണ്ടിവന്നു. തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം അഡ്വ. സജീവ് ജോസഫ് നേടിയെങ്കിലും പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നേതൃത്വം മുന്നോട്ടു വരാത്തത് മൂലം യോജിച്ച പ്രവർത്തനങ്ങൾ നടത്തുവാൻ അഡ്വ. സജീവ് ജോസഫ് എം.എൽ.എയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
അതിനിടെയാണ് കൂനിന്മേൽ കുരുവെന്നപോലെ കോൺഗ്രസ് എ വിഭാഗം നേതാവ് അഡ്വ. സോണി സെബാസ്റ്റ്യനെ അപകീർത്തിപ്പെടുത്തുന്നതിന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ശ്രമിച്ചതായുള്ള സംഭവം പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് അഡ്വ. സോണി സെബാസ്റ്റ്യൻ ആലക്കോട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ടിൽ വ്യാജ പ്രൊഫൈലുണ്ടാക്കുവാൻ ഉപയോഗിച്ച ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും പി.ടി. മാത്യുവിന്റെ വീട് റെയ്ഡ് ചെയ്ത് പൊലീസ് പിടിച്ചെടുത്തിരുന്നു.
പൊലീസ് സൈബർ ടീമംഗങ്ങളിൽ ചിലർക്ക് കൊവിഡ് പിടിപെട്ടതാണ് തുടർനടപടികൾ വൈകാനിടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. വരും ദിവസങ്ങളിൽ ഈ കേസിലെ തുടർനടപടികൾ പാർട്ടിക്ക് വീണ്ടും നാണക്കേട് ഉണ്ടാക്കുമെന്നുറപ്പായിരിക്കെ പി.ടി. മാത്യുവിനെ യു ഡി.എഫ് ചെയർമാൻ സ്ഥാനത്ത നിന്നും പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. കെ.പി.സി.സിയിലും ഡി.സി.സിയിലും അഴിച്ചുപണി നടക്കുന്നതോടൊപ്പം ഇരിക്കൂർ കോൺഗ്രസിലും ആവശ്യമായ ചികിത്സ നടക്കുന്നില്ലെങ്കിൽ മലയോരത്ത് പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്.