theng

മാഹി: പെരിങ്ങാടി മങ്ങാട്ട് വയലിൽ തെങ്ങുകളും കവുങ്ങും കൂട്ടത്തോടെ നശിക്കുന്നു. നൂറ്റി അമ്പതോളം തെങ്ങുകൾ ഇതിനകം തല ചീഞ്ഞഴുകി നശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മഴയിൽ പലയിടങ്ങളിലും വെള്ളം കെട്ടി നിന്നാണ് വൻ കൃഷി നാശമുണ്ടായത്. തലശ്ശേരി-മാഹി ബൈപാസ് റോഡ് നിർമ്മാണത്തിന്റെ മറവിൽ ഇരു വശങ്ങളിലുമുള്ള പലരും വ്യാപകമായി വയലുകൾ നികത്തുകയായിരുന്നു. ചിലയിടങ്ങളിൽ നാട്ടുകാർ തന്നെ ഒരു പരിധി വരെ തടയുകയായിരുന്നു. പാതി നികത്തിയ വയലുകളിലും വെള്ളക്കെട്ടിലുമകപ്പെട്ട വൃക്ഷങ്ങളാണ് കൂട്ടത്തോടെ നശിച്ചത്.

പളളൂർ വയലിൽ നിന്ന് വരുന്ന വെള്ളമത്രയും പുഴയിലേക്ക് ഒഴുകേണ്ടത് ഇതു വഴി കടന്നുപോകുന്ന തോട്ടിലൂടെയാണ്. തോടാകട്ടെ പല ഭാഗത്തും മണ്ണിട്ട് മൂടുകയും ഗതി മാറ്റുകയും ചെയ്തിരിക്കുകയുമാണ്. പാതി വഴിയിൽ പലയിടത്തും ഒഴുക്ക് നിലച്ചത് ഇവിടങ്ങളിൽ വെള്ളം കയറാൻ കാരണമായിട്ടുണ്ട്. ഇതേ നില തുടർന്നാൽ, ജൂൺ മാസ കാലവർഷത്തോടെ ഈ പ്രദേശമാകെ വെള്ളത്തിൽ മുങ്ങുമെന്നുറപ്പ്. നിയമങ്ങൾ കാറ്റിൽ പറത്തി നെൽവയലുകൾ വ്യാപകമായി നികത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അത്തരം വയലുകൾ പൂർവസ്ഥിതിയിലാക്കണമെന്നും കഴിഞ്ഞ സർക്കാരിലെ കൃഷിമന്ത്രി സുനിൽ കുമാർ 2019 സപ്തംബർ മൂന്നിന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല.
ഏഴ് വർഷമായി ന്യൂ മാഹിയിൽ കൃഷി ഓഫീസറില്ല. തൊട്ടടുത്ത പഞ്ചായത്തുകളിലൊക്കെ കാർഷിക മേഖലയിൽ പുത്തനുണർവ് ഉണ്ടായപ്പോഴും ന്യൂ മാഹിയിൽ കാർഷിക മേഖലയാകെ തളരുകയാണ്. യഥാസമയം കാർഷിക വിത്തുകൾ, വളങ്ങൾ, ഉപകരണങ്ങൾ, മറ്റ് നിർദ്ദേശങ്ങൾ എന്നിവ ലഭ്യമാക്കാനാവാതെ കൃഷി വകുപ്പ് താളം തെറ്റിയ മട്ടാണ്. വയൽ നികത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൃഷി ഓഫീസറെ ഉടൻ നിയമിക്കണമെന്നും പൊതു പ്രവർത്തകൻ കണ്ട്വൻ സരേഷ് ബാബു ആവശ്യപ്പെട്ടു.