വിതുര: മലയോരമേഖലയിലെ യാത്രാക്ളേശം പരിഹരിക്കുന്നതിനായി വിതുര കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി ആക്ഷേപമുയരുന്നു. ഡിപ്പോയിൽ നിലവിലുള്ള ബസുകൾ കാരണം കൂടാതെ ലോക്ക് ഡൗണിന്റെ മറവിൽ ഇവിടെനിന്നും മാറ്റുന്നു. ഈ വർഷം ഇതുവരെ 13 ബസുകളാണ് ഡിപ്പോയിൽ നിന്നും കൊണ്ടുപോയത്. രണ്ട് മാസം മുൻപ് ആറ് ബസുകൾ പിൻവലിച്ചു. കഴിഞ്ഞമാസവും ഈ മാസവുമായി ഏഴ് ബസുകൾ കൂടി കൊണ്ടുപോകുവാൻ ഓർഡർ ലഭിച്ചു. 42 ബസുകളാണ് വിതുര ഡിപ്പോയിൽ ഉണ്ടായിരുന്നത്. പിൻവലിക്കൽ തുടർന്നതോടെ ഇപ്പോൾ എണ്ണം 27 ആയി കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ നിലവിൽ വന്നതോടെയാണ് ബസുകൾ പിൻവലിച്ചുതുടങ്ങിയത്. ഇതോടെ മലയോരമേഖലയിൽ യാത്രാക്ലേശം ഇരട്ടിച്ചു. കഴിഞ്ഞ ലോക്ക് ഡൗൺകാലത്തിന് ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ നാമമാത്രമായ സർവീസുകളാണ് വിതുര ഡിപ്പോയിൽ നിന്നും ആരംഭിച്ചത്. പ്രധാന റൂട്ടുകളിൽ പോലും വേണ്ടത്ര ബസ് സർവീസ് നടത്തിയിരുന്നില്ല. ഇതു മൂലം യാത്രക്കാർ ഏറെ വലഞ്ഞു. ഏതായാലും 20 വർഷം വിതുര, തൊളിക്കോട് മേഖലയിലെ യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്ന ഡിപ്പോയുടെ ഇന്നത്തെ ദുരവസ്ഥക്ക് പരിഹാരം കാണാൻ ആരും രംഗത്തിറങ്ങുന്നില്ലെന്നുള്ളതാണ് വസ്തുത.
ഡിപ്പോയിൽ ഉണ്ടായിരുന്ന ബസുകൾ............. 42
ഇപ്പോൾ അവശേഷിക്കുന്നത്............ 27
ഡിപ്പോ ആരംഭിച്ചത്....................2000 ൽ
വിതുര മികച്ച ഡിപ്പോ, എന്നിട്ടും
വിതുര, തൊളിക്കോട്, ആര്യനാട്, പഞ്ചായത്തുകളിലേയും ആദിവാസി, തോട്ടം മേഖലകളിലേയും യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് 2000 ൽ ആണ് വിതുര ഡിപ്പോ പ്രവർത്തനം ആരംഭിച്ചത്. ട്രാൻസ്പോർട്ട് മന്ത്രി സി.കെ. നാണു ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനവും ചെയ്തു. തുടക്കത്തിൽ 14 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. കളക്ഷൻ മെച്ചപ്പെട്ടതോടെ ദീർഘദൂര സർവീസുകൾ ഉൾപ്പടെ കൂടുതൽ സർവീസുകൾ ആരംഭിച്ചു. മലയോരമേഖയിൽ പ്രവർത്തിക്കുന്ന ഡിപ്പോകളിൽ മികച്ച വരുമാനം ലഭിക്കുന്ന ഡിപ്പോ ആയി വിതുര ഉയരുകയും ചെയ്തിരുന്നു. ഇതോടെ ഡിപ്പോയെ എ.ടി.ഒ ഓഫീസ് ആയി ഉയർത്തി. തുടർന്ന് കൂടുതൽ ബസുകൾ എത്തുകയും അനവധി ദീർഘദൂര സർവീസുകൾ കൂടി ആരംഭിക്കുകയും ചെയ്തു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിതുരഡിപ്പോയ്ക്കും ശനിദശ പിടികൂടുകയായിരുന്നു.
കട്ടപ്പുറത്തായ ഡിപ്പോ
കെ.എസ് ആർ.ടി.സി അധികാരികളുടെ പുതിയ പരിഷ്കാരം നിമിത്തം മലയോരമേഖലയിലെ ഡിപ്പോകളുടെ പ്രവർത്തനം കട്ടപ്പുറത്താകുന്ന അവസ്ഥയാണ്. മലയോരമേഖലയിൽ നിന്നുള്ള ഡിപ്പോകളിലെ ഭൂരിഭാഗം ബസുകളും പിൻവലിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ ഗ്രാമീണമേഖലകളിലുള്ള ഡിപ്പോകളിൽ നിന്നും ദീർഘദൂര സർവീസുകൾ കാണാൻ സാദ്ധ്യതയില്ല. മറ്റ് ജില്ലകളിലേക്ക് യാത്ര നടത്തണമെങ്കിൽ സെൻട്രൽ ഡിപ്പോയിലെത്തണം.
യാത്രാക്ലേശം ഇരട്ടിക്കും
മലയോരമേഖലയിലെ ഡിപ്പോകളിൽ നിന്നും ബസുകൾ പിൻവലിച്ചതോടെ യാത്രാദുരിതം ഇരട്ടിക്കും. തോട്ടം, ആദിവാസിമേഖലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഏറെ വലയും. വിതുര തൊളിക്കോട് പഞ്ചായത്തുകളിൽ നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിതുര ഡിപ്പോയെയാണ് ആശ്രയിച്ചിരുന്നത്. പുതിയ പരിഷ്ക്കാരം നിലവിൽ വരുന്നതോടെ ബസ് സർവീസുകളുടെ എണ്ണം വളരെ കുറയും.
യാത്രാക്ളേശം പരിഹരിക്കുന്നതിനായി ഇരുപത് വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ബസുകൾ ഉടൻ മടക്കി നൽകണം. ലോക്ക് ഡൗൺ കഴിഞ്ഞാൽ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ ഭാരവാഹികൾ