community-kichen

വർക്കല: കൊവിഡിൽ കൈത്താങ്ങായി വിവിധ സംഘടനകൾ. ചെറുന്നിയൂരിലെ കാർഷിക കർമ്മസേനാ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10000 രൂപയും ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് 5000 രൂപയും സി.പി.എം ചെറുന്നിയൂർ ലോക്കൽ കമ്മിറ്റിയുടെ ഹെൽപ് ഡെസ്കിന് 2000 രൂപയും നൽകി. വർക്കല ഗവ.എച്ച്.എസ്.എസിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് ഉച്ചഭക്ഷണപ്പൊതികൾ നൽകി. കൗൺസിലർമാരായ നിതിൻ.എസ്.നായർ, എ.സലിം, വർക്കല പൊലീസ് സ്റ്റേഷൻ പി.ആർ.ഒ ബി.ജയപ്രസാദ്, അദ്ധ്യാപകരായ ഉണ്ണികൃഷ്ണൻ, അശോക് കുമാർ എന്നിവർ പങ്കെടുത്തു. ആൾകേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വർക്കല സബ്ബ്ജില്ലാ കമ്മിറ്റി വർക്കല താലൂക്ക് ആശുപത്രിക്ക് നൽകിയ പി.പി.ഇ കിറ്റുകൾ നഗരസഭ കൗൺസിലർ ബീവിജാൻ ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസണ് കൈമാറി. നഴ്സിംഗ് സൂപ്രണ്ട് അജിത, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഷിജു അരവിന്ദ്, സബ്ബ്ജില്ലാ പ്രസിഡന്റ് ജലീൽ ഇടവ, സെക്രട്ടറി സുജിത് സുലോവ്, സുനിൽ ശിവഗിരി എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗണിൽ നഗരത്തിലെ തെരുവ് നായകൾക്ക് ജനമൈത്രി പൊലീസിന്റെയും ചില സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ യുവാക്കൾ ഭക്ഷണവും നൽകുന്നുണ്ട്. വർക്കല ലയൺസ് ക്ലബ് നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയ ഭക്ഷ്യധാന്യങ്ങൾ ക്ലബ് പ്രസിഡന്റ് ബി. ജോഷിബാസുവിൽ നിന്നും നഗരസഭ ചെയർമാൻ കെ.എം.ലാജി ഏറ്റുവാങ്ങി.കൗൺസിലർമാരായ നിതിൻ നായർ, സലിം, ക്ലബ്ബ് ഭാരവാഹികളായ സി.വി.ഹേമചന്ദ്രൻ, സുരേഷ് കുമാർ, ചന്ദ്രസേനൻ എന്നിവർ പങ്കെടുത്തു.