election

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന പല ചോദ്യങ്ങളും വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ നിന്നും ഉണ്ടായി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഒരേ വാക്‌സിന് കേന്ദ്രത്തിനും സംസ്ഥാനത്തിനും രണ്ട് വില നിശ്ചയിച്ചതിന്റെ യുക്തി എന്താണ് എന്നതാണ്. ഏതൊരു ഇന്ത്യൻ പൗരന്റെയും മനസിൽ ഉയരുന്ന ചോദ്യമാണ് കോടതി ചോദിച്ചത്. കേന്ദ്രം വാക്‌സിൻ ഏറ്റെടുത്ത് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. അതാണ് ശരി. അപ്പോൾ വിലയുടെ കാര്യത്തിൽ ഒരു തീരുമാനമാകുമല്ലോ? അതല്ല കേന്ദ്രത്തിന് നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് വാക്‌സിൻ കമ്പനികൾ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകാൻ തയ്യാറായാൽ അതാണ് കൂടുതൽ ശരി. പക്ഷേ അതിവിടെ നടക്കുന്നില്ല. കേന്ദ്രം കുറച്ച് ഏറ്റെടുക്കുന്നു. സംസ്ഥാനങ്ങൾക്ക് കൂടുതൽ ആവശ്യമുള്ളത് അവർ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാൻ ആവശ്യപ്പെടുന്നു. സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ അതിന്റെ വില കേന്ദ്രം നിശ്ചയിച്ച് നൽകണമായിരുന്നു. നയ രൂപീകരണത്തിൽ വരുന്ന ഇത്തരം പിഴവുകളാണ് പലപ്പോഴും ഫെഡറൽ സംവിധാനങ്ങൾക്ക് പരിക്കേൽപ്പിക്കുന്നത്. 45 വയസിന് മുകളിൽ ഉള്ളവർക്ക് വാക്‌സിനേഷൻ സൗജന്യമാക്കിയതിനാൽ ആ വിഭാഗത്തിൽ ഈ പ്രശ്നം വരുന്നില്ല. 18-45 പ്രായപരിധിയിലുള്ള 50 ശതമാനം പേർക്കും വാക്‌സിൻ വാങ്ങാനുള്ള ശേഷി ഉണ്ടെന്നാണ് കേന്ദ്രം പറയുന്നത്. അതിനാലാണ് ഇങ്ങനെ ഒരു നയം രൂപീകരിച്ചത്. പക്ഷേ അപ്പോഴും 50 ശതമാനം പേർക്ക് ശേഷിയില്ല എന്ന് സമ്മതിക്കുക കൂടിയാണ് കേന്ദ്രം. അങ്ങനെയെങ്കിൽ പാർശ്വവത്‌ക്കരിക്കപ്പെട്ട ബാക്കി 50 ശതമാനം പേർക്ക് വാക്‌സിൻ ലഭ്യമാക്കാനുള്ള നയം എന്താണ് എന്നും കോടതി ചോദിച്ചിട്ടുണ്ട്. നയ രൂപീകരണ വേളയിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താനാണ് കേന്ദ്രം തയ്യാറാവേണ്ടത്. എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന തീരുമാനം കേന്ദ്രം നേരത്തെ എടുത്തിരുന്നെങ്കിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു. 34,250 കോടി രൂപ ഉണ്ടെങ്കിൽ ഇന്ത്യയ്ക്ക് സാർവത്രികവും സൗജന്യവുമായ വാക്‌സിനേഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കാനാവും. വാക്‌സിനേഷന് വേണ്ടിത്തന്നെ ബഡ്ജറ്റിൽ മാറ്റിവച്ചിട്ടുള്ള 35,000 കോടി ഇതിനുവേണ്ടി വിനിയോഗിക്കാം. അതല്ലെങ്കിൽ റിസർവ് ബാങ്കിന്റെ ലാഭവിഹിതത്തിൽ നിന്നുള്ള 54,000 കോടിയിൽ നിന്ന് പണം കണ്ടെത്താം. അപ്പോൾ പണമല്ല പ്രശ്നമെന്നും നയരൂപീകരണത്തിൽ വന്ന പിഴവാണ് പ്രശ്നമെന്നും കാണാൻ കഴിയും. സാധാരണക്കാരന്റെ മനസ് വായിക്കാൻ കഴിവുള്ളവരാകണം നയങ്ങൾ രൂപീകരിക്കേണ്ടത്. അല്ലാതെയുള്ള ബ്യൂറോക്രാറ്റുകളും വിദഗ്ദ്ധരും മാത്രമിരുന്ന് നയരൂപീകരണം നടത്തിയാൽ ഇതുപോലുള്ള പിഴവുകൾ സംഭവിക്കും.

ഒരു ചോദ്യമേ ഉള്ളൂ. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നെങ്കിൽ ഇവർ എല്ലാവർക്കും സൗജന്യമായി വാക‌്‌സിൻ നൽകുമായിരുന്നില്ലേ? ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ഭരണകർത്താക്കൾക്ക് നന്നായറിയാം. പക്ഷേ വോട്ടെടുപ്പ് കഴിഞ്ഞാൽ പൊതുജനം കഴുതയായി മാറുന്നത് കേന്ദ്രത്തിന് മാത്രമല്ല സംസ്ഥാനങ്ങളിലും അങ്ങനെതന്നെ എന്നാണ് അനുഭവം.