കിളിമാനൂർ: കൊവിഡ് മഹാമാരിയിൽ കുട്ടികൾക്ക് നഷ്ടമായത് പരസ്പരം കാണാത്ത സുഹൃത്തുക്കളും സ്കൂൾ മുറ്റവുമാണ്. എന്നാൽ ഈ സ്കൂളില്ലാക്കാലത്തും പാപ്പാല എൽ.പി.എസിലെ കുട്ടികൾ ഓൺലൈനിൽ കൂട്ടംകൂടി പ്രവേശനോത്സവം ആഘോഷമാക്കി. ഒന്നാം തരത്തിൽ പ്രവേശനം നേടിയ 25 പേരും ക്ലാസ് ടീച്ചർ റസീനയും ചേർന്ന് ഓൺലൈനിൽ എടുത്ത ഗ്രൂപ്പ് ഫോട്ടോ പഠനോപകരണങ്ങൾക്കും പാഠപുസ്തകങ്ങൾക്കുമൊപ്പം പ്രിന്റ് ചെയ്തത് വിതരണം ചെയ്തു. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗതുകമുള്ള അനുഭവമായി മാറി. കൊവിഡ് കാലത്തെ ചിട്ടയായ ഓൺലൈൻ ക്ലാസിലൂടെ നേടിയ വിജയമാണ് കഴിഞ്ഞ വർഷത്തെക്കാൾ 22 കുട്ടികൾ അധികമായി ഇവിടെ പ്രവേശനം നേടിയതിന് കാരണമെന്നും ഇനിയും കുട്ടികൾ എത്തിച്ചേരുമെന്ന് പ്രഥമാദ്ധ്യാപകൻ കെ.വി.വേണുഗോപാൽ പറഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം വിക്ടേഴ്സ് ചാനലിലും, സ്കൂൾതല പ്രവേശനോത്സവം ഓൺലൈൻ ക്ലാസ് ഗ്രൂപ്പുകളിലും എല്ലാ കുട്ടികൾക്കും കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ, സംവിധായകൻ പ്രജീഷ് സെൻ, മജീഷ്യൻ ഷാജു കടക്കൽ,പിന്നണി ഗായിക സരിത രാജീവ്, സിനിമ-കോമഡി താരം അനീഷ് പാപ്പാല, എ.ഇ.ഒ രാജു, ബി.പി.സി സാബു.വി.ആർ എന്നിവർ ആശംസകളർപ്പിച്ചു.