ചിറയിൻകീഴ് : ഗുരുദേവ കൃതികളും പുരാണേതിഹാസങ്ങളും കവിതകളും ഹൃദിസ്ഥമാക്കി പുതിയ തലമുറയ്ക്ക് അറിവ് പകർന്ന മുത്തശ്ശി യാത്രയായി. ആയുർവേദ ആചാര്യനും കഥകളി രചയിതാവുമായിരുന്ന പരേതനായ കണ്ടവിള കെ.എം. കൃഷ്ണൻ വൈദ്യരുടെ മകൾ കഠിനംകുളം കണ്ടവിള എസ്.കെ മഠത്തിൽ കെ.സരസ്വതി (94) ആണ് നിര്യാതയായത്. ആയുർവേദ ചികിത്സയിലും വിഷ ചികിത്സയിലും പ്രാവീണ്യയാണ്. തനിക്ക് സ്വായത്തമായ ചികിത്സാരീതികൾ നിർദ്ധനർക്ക് സൗജന്യമായി നൽകിയിരുന്നു. പുതിയ തലമുറയെ അറിവിന്റെയും സംസ്കാരത്തിന്റെയും പാതയിലേക്ക് കൊണ്ടുവരുന്നതിന് വീട്ടുവളപ്പിൽ ജനക്കൂട്ടമൊരുക്കി വിജ്ഞാന സദസുകൾ സംഘടിപ്പിച്ചിരുന്നു. ആദ്യകാല മഹിളാസമാജം പ്രവർത്തകയുമായിരുന്നു. നല്ലൊരു വാഗ്മിയായ സരസ്വതിയെ കുട്ടികൾ തൊട്ട് മുതിർന്നവർ വരെ 'അമ്മാമ്മ' എന്നാണ് വിളിച്ചിരുന്നത്. നല്ലൊരു കർഷകയ്ക്കു പുറമേ കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നതിനും പ്രാവീണ്യം നേടിയിരുന്നു. കഴിഞ്ഞ കുറെക്കാലമായി മകളായ ഗീതയോടൊപ്പം തിരുവനന്തപുരം പട്ടത്തുള്ള ഉപാസനയിലായിരുന്നു താമസം. മകൻ: മധുമോഹൻ. മരുമക്കൾ: ദേവരാജപ്പണിക്കർ, പൂജ. സഞ്ചയനം: ഇന്ന് രാവിലെ 8ന്.