കിളിമാനൂർ: കൊവിഡ് കാലത്ത് പൊലീസ് ഉദ്യാഗസ്ഥർ ജനോപാകാരപ്രധമായ നിരവധി കാര്യങ്ങൾ ചെയ്യുമ്പോഴും വാഹനപരിശോധനയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ചില ഉദ്യോഗസ്ഥരും ഉണ്ട്.
കിളിമാനൂർ - ആലംകോട് റോഡിലെ കൊച്ചു പാലം നവീകരണ പ്രവർത്തനങ്ങൾക്കായി പൊളിച്ചതോടെ ചെറുവാഹനങ്ങൾ കടത്തി വിടുന്നത് മഹാദേവേശ്വരം - മങ്കാട് റോഡ് വഴിയാണ്. കാൽ നട യാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത അത്രയും പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുമായി കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാൻ കഴിയുന്ന റോഡിൽ പൊലീസിന്റെ വാഹന പരിശോധന കൂടിയായതോടെ ജനം നന്നേ പെട്ടു. തീരെ വീതികുറഞ്ഞ ഈ റോഡിൽ വാഹന പരിശോധനയ്ക്കായി പൊലിസ് ജീപ്പ് ഇട്ടിരിക്കുന്നതാകട്ടെ എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാൻ പാകത്തിൽ സംരക്ഷണ ഭിത്തികൾ തകർന്ന ചെറു പാലത്തിന് സമീപവും. രാവിലെ സ്കൂൾ പ്രവേശനവും ആശുപത്രിയിൽ പോകാനും, ഓഫിസിൽ പോകാനും, രോഗികളുമായി ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ ധൃതി പിടിച്ച് കിലോ മീറ്ററുകൾ കറങ്ങി ഇടറോഡിലൂടെ വരുമ്പോഴാണ് വാഹന പരിശോധന. വളവുകളിലും ഇത്തരം റോഡുകളിലും പരിശോധന പാടില്ലെന്ന് നിയമമുള്ളപ്പോഴാണ് ഈ പരിശോധന. വാഹനപരിശോധന കാരണം റോഡിൽ തിരക്ക് കൂടിയതോടെ ജനങ്ങളുടെ വ്യാപകമായ പരാതിയെ തുടർന്ന് കിളിമാനൂർ എസ്.ഐ ജയേഷ് ഇടപെട്ട് അപകട മേഖലയിൽ നിന്ന് വാഹന പരിശോധന മാറ്റിച്ചു.