തിരുവനന്തപുരം: അഞ്ചു വർഷത്തിനകം കേരളത്തിന്റെ തീരദേശങ്ങളെ കടലാക്രമണത്തിൽ നിന്ന് പൂർണമായി സംരക്ഷിക്കുന്നതിനുള്ള പദ്ധതികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ഉറപ്പു നൽകി. കിഫ്ബി സഹായത്തോടെ കടലാക്രമണം തടയാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡും കാലവർഷവും കടലാക്രമണവും മൂലം തീരദേശത്തെ ജനങ്ങളനുഭവിക്കുന്ന ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷം അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിശദീകരണത്തെ തുടർന്ന് പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കർ എം.ബി. രാജേഷ് അനുമതി നിഷേധിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവരും സംസാരിച്ചു. സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലും പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചും പ്രതിപക്ഷം പിന്നീട് സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
മത്സ്യത്തൊഴിലാളികളെ ഒപ്പം നിറുത്തിയുള്ള നടപടികളാകും കൈക്കൊള്ളുക. പ്രതിരോധം തീർക്കാനായി കൊണ്ടുവരുന്ന മാർഗങ്ങളെക്കുറിച്ച് രണ്ട് അഭിപ്രായം നിലവിലുണ്ട്. ജിയോട്യൂബും ടെട്രാപോഡുകളുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. തീരമാകെ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിൽ നിന്നുള്ളത് കൂടാതെ മറ്റുതരത്തിലുമുള്ള സഹായങ്ങളെക്കുറിച്ചുള്ള പഠനവും സർക്കാർ നടത്തിവരികയാണ്.
മത്സ്യത്തൊഴിലാളികൾ ഏറ്റവും വിലപ്പെട്ട സഹോദരങ്ങളാണ്. കേരളത്തിന്റെ സൈന്യമായിട്ടാണ് അവരെ അംഗീകരിച്ചിട്ടുള്ളത്. അവർക്കുണ്ടാകുന്ന ഏതൊരു വിഷമവും സംസ്ഥാനത്തിന്റെ ദുരിതമായാണ് കണക്കാക്കുന്നത്. അതനുസരിച്ചുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇനിയും സർക്കാർ ഒപ്പമുണ്ടാകും.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തീരദേശങ്ങളിൽ മൂന്നുതരം ദുരിതാശ്വാസക്യാമ്പുകൾ ഒരുക്കും. സാധാരണ ജനങ്ങൾക്കുള്ളതല്ലാതെ കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും ക്യാമ്പുകളൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
5,000കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുക്കും
തീരസംരക്ഷണത്തിനായി 5,000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുക്കുമെന്ന് ജലവിഭവ മന്ത്രിക്കുവേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. മഴ തീർന്നാലുടൻ തീര സംരക്ഷണ നടപടികൾ ശക്തിപ്പെടുത്തുമെന്നും ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ പ്രത്യേകം പഠിക്കേണ്ടതുണ്ടെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.
ഒന്നും നടപ്പായില്ല: വി.ഡി. സതീശൻ
മേയ് മാസത്തിൽ കടൽ ഇത്രയും കയറിയപ്പോൾ കാലവർഷക്കാലത്ത് എവിടെയെത്തുമെന്ന ഉത്കണ്ഠയിലാണ് തീരദേശവാസികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇതുവരെ ഒന്നും ചെയ്യാത്ത സർക്കാരാണ് അടുത്ത അഞ്ച് വർഷത്തിനകം പരിഹാരമുണ്ടാക്കുമെന്ന് പറയുന്നത്. ചെല്ലാനത്ത് ജിയോട്യൂബിട്ടുള്ള പരീക്ഷണം പരാജയമായിരുന്നു. എന്നിട്ടും അതേ പരീക്ഷണം ശംഖുംമുഖത്തും നടത്താനൊരുങ്ങുകയാണ് സർക്കാർ. 2019ൽ വിഴിഞ്ഞത്ത് മണൽ കെട്ടിക്കിടക്കുന്നതായി പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. വീട് നഷ്ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.