ആറ്റിങ്ങൽ: ആളും ആരവവും ഇല്ലാത്ത പ്രവേശനോത്സവത്തോടെ സ്കൂളുകൾ തുറന്നു. വിദ്യാർത്ഥികൾ ഇല്ലാതെ അദ്ധ്യാപകരും പി.ടി.എയിലെ കുറച്ച് രക്ഷിതാക്കളുമാണ് ആറ്റിങ്ങൽ മേഖലയിലെ സ്കൂളുകളിലെത്തിയത്. പഴയപോലെ പ്രവേശനോത്സവം ഇല്ലെങ്കിലും മിക്ക സ്കൂളുകളിലും തോരണം കെട്ടിയുള്ള ആചാരം മുടക്കിയില്ല. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതിയ അഡ്മിഷൻ കുറവായിരുന്നു. ഓ നൺ ലൈൻ വഴിയുള്ള അഡ്മിഷൻ ആയതിനാൽ ശരിയായ കണക്ക് പത്താം തീയതിയോടെമാത്രമേ അറിയാനാകൂ എന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലാണ് സാധാരണ ഓരോ വർഷവും അഡ്മിഷൻ നടക്കുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷം പുതിയതായി 300 അഡ്മിഷൻ നടന്ന അവനവഞ്ചേരി എച്ച്.എസിൽ ഇക്കുറി അതിന്റെ പകുതിയാണ് നടന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അഡ്മിഷൻ നടക്കുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകർ. മുഖ്യമന്ത്രി,​ വിദ്യാഭ്യാസ മന്ത്രി,​ സ്കൂൾ ഹെഡ്മാസ്റ്റർമാർ,​ പി.ടി.എ ഭാരവാഹികൾ എന്നിവരുടെ സന്ദേശങ്ങൾ ഗ്രൂപ്പുവഴി കുട്ടികളിൽ എത്തിച്ചു. ക്ലാസുകൾ കാണാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പകരം സംവിധാനം തദ്ദേശ സ്ഥാപനങ്ങളുമായി ചർച്ചചെയ്ത് ഒരുക്കുമെന്ന് അദ്ധ്യാപകർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകി.