ഫ്രഞ്ച് വിഭവങ്ങൾക്ക് ആരാധകർ ഏറെയാണ്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് നഗരം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ റെസ്റ്റോറന്റുകളുടെ പേരിലും പ്രസിദ്ധമാണ്. ഇക്കൂട്ടത്തിൽ ലോറെന്റ് വെയെറ്റ് എന്ന ഷെഫിന്റെ റെസ്റ്റോറന്റായ ഇനോവീറ്റ് ഇപ്പോൾ വാർത്തകളിൽ താരമാണ്.
മഞ്ഞ മീൽവേമുകളോട് കൂടിയ പ്രോൺ സാലഡ്, ചോക്ലേറ്റ് കോട്ടിംഗോട് കൂടിയ പുൽച്ചാടി, മീൽവേം പാസ്ത തുടങ്ങിയ വെറൈറ്റി വിഭവങ്ങളും പച്ചക്കറികൾക്കൊപ്പമുള്ള ഫ്രൈ ചെയ്തെടുത്ത ഷഡ്പദവുമൊക്കെയാണ് ഇവിടുത്തെ തീൻമേശകളിൽ നിരക്കുന്നത്.!
കാഴ്ചയിൽ മനോഹരമായ ഈ വിഭവങ്ങൾക്ക് ഒരു പോലെ അഭിനന്ദനവും വിമർശനവുമാണ് ലോറെന്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനസംഖ്യ കൂടുന്നതിനാൽ ഭാവിയിൽ ഇത്തരം വിഭവങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് ലോറെന്റിന്റെ അഭിപ്രായം.
വ്യത്യസ്ത ഫ്ലേവറുകളിലും ഈ വിഭവങ്ങൾ ലഭ്യമാണ്. കഴിഞ്ഞ ജനുവരിയിൽ യൂറോപ്യൻ ഫുഡ് സേഫ്റ്റി ഏജൻസി മീൽവേമുകൾ സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി അവയ്ക്ക് അംഗീകാരം നൽകിയിരുന്നു. ഇതോടെ യൂറോപ്പിൽ, മനുഷ്യന് ഭക്ഷ്യയോഗ്യമായ ലാർവയെന്ന അംഗീകാരം ലഭിച്ച ആദ്യ ഷഡ്പദമായി മീൽവേമുകൾ മാറിയിരുന്നു. പേരിൽ പുഴു ഉണ്ടെങ്കിലും ശരിക്കും ഒരുതരം കരിവണ്ടിന്റെ ( darkling beetle ) ലാർവകളാണ് മീൽവേമുകൾ. പ്രോട്ടീൻ, ഫാറ്റ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് ഇവ. മേയ് മുതലാണ് ഇവയുടെ വില്പനയ്ക്ക് അംഗീകാരം നൽകിയത്. മീൽവേമുകളെ ഇതേ പടി ഫ്രൈ ചെയ്തോ പലഹാരങ്ങളിലും ന്യൂഡിൽസിലും പാസ്തയിലും മറ്റും പൊടി രൂപത്തിലാക്കി ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്.