പാറശാല: ദേശീയപാതയിൽ കുഴികൾ നിറഞ്ഞ് യാത്ര ദുഷ്കരമായിട്ട് മാസങ്ങൾ കഴിഞ്ഞു. താലൂക്കിലെ പഞ്ചായത്ത്, മുൻസിപ്പാലിറ്റി റോഡുകൾ റബറൈസ്ഡ് ചെയ്ത് അപകടരഹിതമായ രീതിയിൽ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. എന്നാൽ പ്രധാന്യമുള്ളതും തിരക്കേറിയതുമായ കരമന കളിയിക്കാവിള ദേശീയപാതയുടെ ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള 15 കിലോമീറ്റർ റോഡ് വാഹനങ്ങൾ നിരത്തിലിറക്കാൻ പോലുമാകാത്ത നിലയിൽ തകർന്നുകിടക്കുകയാണ്.
കൊവിഡ് വ്യാപകമായതിനെ തുടർന്ന് രോഗികളുമായി നിരവധി ആംബുലൻസുകളാണ് ഇതുവഴി പാഞ്ഞുപോകുന്നത്. ഇത്തരത്തിൽ പോകുന്ന ആംബുലൻസുകൾ റോഡിലെ കുഴികളിൽ വീണ് രോഗികൾ തെറിച്ചുവീണ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ദേശീയപാത അധികാരികൾക്ക് പുറമെ റോഡ് സുരക്ഷാ അതോറിട്ടിയും നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തുന്ന റോഡിന്റെ സ്ഥിതിയാണിത്. റോഡിലെ ഭീമൻകുഴികൾ കാരണം നിരവധി റോഡപകടങ്ങളിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും അധികൃതർ അതൊന്നും കാണാത്ത മട്ടാണ്. കാലവർഷത്തിന് മുൻപായി റോഡുകൾ സഞ്ചാരയോഗ്യമാക്കണം എന്നിരിക്കെ കാലവർഷം എത്തിയിട്ടും റോഡിലെ കുഴികൾ അടയ്ക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. കൂടാതെ പ്രദേശത്തെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. കാലവർഷം ശക്തിയാകുന്നതോടെ റോഡിലെ കുഴികളുടെ എണ്ണവും വലിപ്പവും വർദ്ധിക്കും. മഴവെള്ളം കുഴികളിൽ കെട്ടിനിൽക്കുന്നത് അപകടങ്ങൾ വർദ്ധിക്കാനും കാരണമാകും.
അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല
കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് റോഡ് ടാർ ചെയ്തശേഷം കാര്യമായ അറ്റകുറ്രപ്പണികൾ നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നാലുവരിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാൻപോകുന്നതിനാൽ അറ്രകുറ്രപ്പണികൾ നടത്താനാകില്ലെന്നാണ് അധികൃതർ പറയുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ കുഴികൾ അടച്ച് അപകടങ്ങൾ ഉണ്ടാകുന്നത് തടയാതെ കുഴികൾക്ക് മുകളിലൂടെ തെർമോപ്ലാസ്റ്റിക് പെയിന്റ് ഉപയോഗിച്ച് വരയിടുന്നതെ എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരണം: ഉടൻതന്നെ റോഡിലെ കുഴികൾ അടയ്ക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം. ലക്ഷങ്ങൾ മുടക്കി തെർമോപ്ലാസ്റ്രിക് പെയിന്റ് ഉപയോഗിച്ച് റോഡിൽ വരയിടുന്നതിന് പകരം ആ തുക ഉപയോഗിച്ച് കുഴികൾ അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണം.
ടി.കെ. അനിൽകുമാർ,
സിറ്റിസൺ ഫോറം, പാറശാല
ഫോട്ടോ: ദേശീയ പാതയിലെ കുഴികൾക്ക് മുകളിലൂടെ തെർമോപ്ലാസ്റ്റിക് പെയിന്റ് ഉപയോഗിച്ച് വരയിടുന്നു