ചോക്ലേറ്റ്, രണ്ട് ടേബിൾ സ്പൂൺ വെണ്ണ, പാൽ...... വളരെ ടേസ്റ്റിയായിട്ടുള്ള ഫജ് തയാറാക്കുന്ന വിധം രേഖപ്പെടുത്തിയ ഒരു കല്ലറ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അമേരിക്കയിലെ യൂട്ടയിലെ ലോഗൻ സെമിത്തേരിയിലെ ഒരു കല്ലറയിലാണ് ഫജ് ( പഞ്ചസാര, വെണ്ണ, പാൽ തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന പലഹാരം ) തയാറാക്കുന്ന പാചക കുറിപ്പ് എഴുതിയിരിക്കുന്നത്.
കാതറിൻ ആൻഡ്രൂസ് എന്ന സ്ത്രീയുടേതാണ് ഈ കല്ലറ. ഹോംമെയ്‌ഡ് ഫജ് ഉണ്ടാക്കുന്നതിൽ വിദഗ്ദ്ധയായിരുന്നു കാതറിൻ. കാതറിന്റെ കല്ലറയും കല്ലറയുടെ സ്മാരകശിലയിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്പെഷ്യൽ ഫജ് റെസിപ്പിയും അടുത്തിടെയാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്.
കേയ് എന്നായിരുന്നു കാതറിനെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചിരുന്നത്. വീട്ടിൽ അതിഥികളെത്തുമ്പോൾ അവർക്കെല്ലാം ഫജ് തയാറാക്കി നൽകുന്നത് കാതറിന് ഏറെ ഇഷ്ടമായിരുന്നുവെന്ന് മകൾ ജാനിസ് ജോൺസൺ പറയുന്നു.
കാതറിന് സമീപം തന്നെയാണ് ഭർത്താവ് വേഡിന്റെ കല്ലറയും. രണ്ടാം ലോകമഹായുദ്ധകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. യു.എസ് എയർ ഫോഴ്സ് ക്യാപ്ടനായിരുന്ന വേഡ് 1944 ഡിസംബറിലാണ് കാതറിനെ വിവാഹം കഴിച്ചത്. 2000ത്തിലാണ് വേഡ് മരിച്ചത്. താൻ മരിക്കുമ്പോൾ തന്റെ ഹോംമെയ്‌ഡ് ഫജ് റെസിപ്പി കല്ലറയിൽ രേഖപ്പെടുത്തണമെന്ന് കാതറിൻ മക്കളോട് പറഞ്ഞിരുന്നു. 2019ൽ 97ാം വയസിലാണ് കാതറിൻ അന്തരിച്ചത്.