പാലോട്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികളും കുടുംബവും ദുരിതത്തിൽ. ലോക്ക്ഡൗണിനെ തുടർന്ന് കട്ടപ്പുറത്തായ ഓട്ടോ റിക്ഷകൾ ഇതുവരെ കാര്യമായി നിരത്തിലിറങ്ങിയിട്ടില്ല. ഓട്ടോറിക്ഷ തൊഴിലാളികളിൽ ഒട്ടുമിക്കപേരും വരുമാനമില്ലാതെ കടക്കെണിയിലായിരിക്കുകയാണ്. ലോക്ക്ഡൗൺ ഇളവുകളിൽ ഓട്ടത്തിനായി ഇറങ്ങിയാലും നിരത്തുകളിൽ ആളുകളെത്താത്തതും കുടുതൽ പേരും യാത്ര ചെയ്യാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതും ഇവർക്ക് തിരിച്ചടിയാണ്. ബഹുഭൂരിപക്ഷം ഓട്ടോ തൊഴിലാളികളും കടം വാങ്ങിയും പലിശയ്ക്കെടുത്തും ഓട്ടോറിക്ഷ വാങ്ങിയവരാണ്. കൂടാതെ വൈകുന്നേരം വരുമാനത്തിന്റെ ഒരു പങ്ക് നൽകാം എന്ന കരാറിൽ ഓട്ടോ വാടകയ്ക്കെടുത്ത് ഓടുന്നവരും ഇക്കൂട്ടത്തിലുണ്ട്. സ്വകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശ ഉൾപ്പെടെ വൻതുകയാകും തിരിച്ചടയ്ക്കേണ്ടി വരുക. കൂടാതെ നിരവധി നാളായി വീടുകളിൽ ഒതുക്കിയിട്ട ഓട്ടോകൾ ഇനി നിരത്തിലിറങ്ങണമെങ്കിൽ അറ്രകുറ്റപ്പണികൾ നടത്തേണ്ടിവരും. നികുതി,​ ടെസ്റ്റ്, ഇൻഷ്വറൻസ് കാലാവധികൾ തീർന്ന വണ്ടികൾ ഇനി പുറത്തിറക്കണമെങ്കിൽ ഇവർ ഇനിയും കാശ് കണ്ടെത്തേണ്ടി വരും. ദിവസവും ലഭിക്കുന്ന വരുമാനത്തിൽ നിസാര തുക മാത്രം നീക്കിയിരിപ്പുണ്ടാകുന്ന ഓട്ടോ തൊഴിലാളികൾക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇവർക്ക് കാര്യമായ ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കാറില്ല.