
തിരുവനന്തപുരം: സിസ്റ്റർ അഭയ വധം അടക്കം കോളിളക്കമുണ്ടാക്കിയ നിരവധി കേസുകൾ തെളിയിച്ച എസ്.പി നന്ദകുമാർ നായർ സി.ബി.ഐയുടെ പടിയിറങ്ങി. കഴിഞ്ഞ ഡിസംബറിൽ വിരമിച്ച നന്ദകുമാർ നായരുടെ സേവന കാലാവധി കേന്ദ്രം ആറുമാസത്തേക്ക് നീട്ടി നൽകിയിരുന്നു.
അഭയയുടെ കൊലപാതകം, വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അപകട മരണം, പെരിയ ഇരട്ടക്കൊല, നെടുങ്കണ്ടം കസ്റ്റഡി കൊല തുടങ്ങിയ നിരവധി കേസുകളുടെ അന്വേഷണം നന്ദകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു. പുനെയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ധബോൽക്കർ വെടിയേറ്റു മരിച്ച കേസും വിചാരണഘട്ടത്തിലെത്തിയ ഇസ്റത്ത് ജഹാൻ ഏറ്റുമുട്ടൽ കേസും ഇവയിൽ ഉൾപ്പെടുന്നു. അഭയ കേസിൽ 17ദിവസം കൊണ്ട് പ്രതികളെ പിടികൂടിയിരുന്നു. 2008 നവംബർ ഒന്നിനാണ് നന്ദകുമാർ നായരുടെ സംഘം അന്വേഷണം ഏറ്റെടുത്തത്. 18ന് ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തു. ആത്മഹത്യയെന്ന് തള്ളിയ അഭയ കേസ് കൊലപാതകമാണെന്ന് അതോടെ വെളിപ്പെട്ടു.
അന്വേഷണ മികവിന് 2017ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്. സി.ബി.ഐ.യുടെ ചരിത്രത്തിൽ അപൂർവമായാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന് കാലാവധി നീട്ടിനൽകിയത്.