തിരുവനന്തപുരം: കൊവിഡ് ബാധയെ തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെയും കൊവിഡിന് ശേഷമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് അരുവിക്കര എം.എൽ.എ ജി.സ്റ്റീഫനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡീലക്സ് പേ വാർഡിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിയെ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളോടെയാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. വിശദമായ പരിശോധനകൾക്കു ശേഷം അതിനനുസരിച്ച് തുടർ ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കും. എം.എൽ.എ വി.ഐ.പി റൂമിൽ നിരീക്ഷണത്തിലാണെന്നും ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.