dddd

തിരുവനന്തപുരം:വീടിനകം സ്കൂളാക്കി,ആടിയും പാടിയും കൊവിഡ് കാലത്തെ പ്രവേശനോത്സവം ഗംഭീരമാക്കി വിദ്യാർത്ഥികൾ. കഴിഞ്ഞ അദ്ധ്യയന വർഷത്തേതുപോലെ ഇത്തവണയും സ്കൂളിലെത്താൻ കഴിയാത്തതും, കൂട്ടുകാരെ കാണാനാകാത്തതും, വിഷമിപ്പിക്കുന്നുണ്ടെങ്കിലും ജൂൺ ഒന്നിന്റെ ആവേശം കുട്ടികൾക്കുണ്ടായിരുന്നു. ഓൺലൈനായി പാട്ടുപാടിയും നൃത്തം ചെയ്തും കഥ പറഞ്ഞുമൊക്കെ കുട്ടികൾ പങ്കാളികളായി.

ജില്ലയിലെ എല്ലാ സ്കൂളുകളും പ്രവേശനോത്സവത്തിന്റെ ഭാഗമായി ഓൺലൈനായി സ്‌കൂൾ തലത്തിലും ക്ലാസ് തലത്തിലും പ്രത്യേകം പരിപാടികളാണ് സംഘടിപ്പിച്ചത്. രാവിലെ 8.30ന് കോട്ടൺഹിൽ സ്കൂളിൽ ആരംഭിച്ച പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷമാണ് എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടന്നത്. പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ജനപ്രതിനിധികളും കുട്ടികൾക്ക് സന്ദേശം നൽകി. തിരഞ്ഞെടുത്ത കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പി.ടി.എയുടെയും സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെയും നേതൃത്വത്തിലായിരുന്നു പ്രവേശനോത്സവം.എല്ലാ ക്ലാസുകളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയായിരുന്നു ക്ലാസ്‌ തല പ്രവേശനോത്സവം.

പുത്തനുടുപ്പിട്ടും മധുരം വിളമ്പിയും

പ്രീ പ്രൈമറി, ഒന്നാം ക്ലാസ് എന്നിവയിലേക്ക് പ്രവേശനം നേടുന്നവർക്കായി വീടുകളിൽ പ്രത്യേക ആഘോഷം സംഘടിപ്പിക്കാൻ രക്ഷാകർത്താക്കൾക്ക് സ്കൂളുകൾ നി‌ർദ്ദേശം നൽകിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ മാതൃകയിൽ പുത്തനുടുപ്പുകളിട്ട് മധുരം വിളമ്പി പഠനം ആരംഭിക്കാനാണ് നിർദ്ദേശം നൽകിയത്.കുട്ടികൾ അവരവരുടെ വീടുകളുടെ ആഘോഷചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. മേയ് 29 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ 18,028 വിദ്യാർത്ഥികളാണ് പുതുതായി ചേർന്നത്.കഴിഞ്ഞ രണ്ടുദിവസങ്ങളിലെ കണക്കുകൾകൂടി ചേർക്കുമ്പോൾ ഇത് 20,000 കവിയുമെന്നാണ് അധികൃതർ പറയുന്നത്.

വെർച്വൽ പ്രവേശനോത്സവം ആഘോഷമാക്കി പട്ടം ഗേൾസ് മോഡൽ സ്‌കൂൾ

തിരുവനന്തപുരം: ഓൺലൈനിൽ പ്രവേശനോത്സവം ആഘോഷമാക്കി പട്ടം ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾ. രാവിലെ 10.30ന് നടന്ന സ്‌കൂൾ തല പ്രവേശനോത്സവ ഉദ്ഘാടനത്തിൽ പി.ടി.എ പ്രസിഡന്റ് എം.എസ്.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്.

സ്കൂളിലെ വിദ്യാർത്ഥിനിയുടെ പിതാവും മന്ത്രിയുമായ പി.പ്രസാദ് നവാഗതർക്ക് ആശംസകൾ നേർന്നു. കേശവദാസപുരം വാർഡ് കൗൺസിലർ അംശു വാമദേവൻ മുഖ്യപ്രഭാഷണം നടത്തി. ഡി.പി.സി എൻ.രത്‌നകുമാ‌ർ, ഡി.ഇ.ഒ കെ. സിയാദ്, ബി.പി.ഒ ആർ. അനൂപ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി. അനിതകുമാരി, ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപിക പി.നസീമാബീവി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സ്റ്റാഫ് സെക്രട്ടറി വി.വിനയന്‍ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

ആയിരം കുട്ടികളെന്ന നേട്ടവുമായി കോട്ടൺഹിൽ എൽ.പി.എസ്

തിരുവനന്തപുരം: നാലു ക്ലാസുകളിലുമായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന അപൂർവം സ്‌കൂളുകൾ എന്ന നേട്ടവുമായി കോട്ടൺഹിൽ എൽ.പി.എസ്കൂൾ.സ്‌കൂളിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി പഠിക്കുന്ന കുട്ടികളുടെ എണ്ണം 1022 ആയി. മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണുന്നതിനായി യൂട്യൂബ് ലൈവാക്കിയായിരുന്നു പ്രവേശനോത്സവം.കുട്ടികൾക്ക് സ്‌കൂളിലെത്താനാകാത്തതിനാൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ അഞ്ച് രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളും സമ്മാനങ്ങളും കളിത്തൊപ്പിയും നൽകി.ഓൺലൈനായി കുട്ടികളുടെ കലാപരിപാടികളും സ്‌കൂളിന്റെ മികവുകളും അവതരിപ്പിച്ചു. പ്രവേശനോത്സവം കൗൺസിലർ രാഖി രവികുമാ‌ർ ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ.അനിൽ,പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു,ടെലിവിഷൻതാരം ഷെല്ലി എന്നിവർ ഓൺലൈനിൽ ആശംസകൾ നേർന്നു. പി.ടി.എ. പ്രസിഡന്റ് എസ്.എസ്. അനോജ് അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ. ബുഹാരി, ടി.എ.ജേക്കബ്, ശ്രീലേഖ, ഷിജ്നാപ്രീത് എന്നിവർ സംസാരിച്ചു.