d

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നിന്ന് സ്‌കൂട്ടർ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. കാഞ്ഞിരംപാറ വി.കെ.പി നഗർ തേജസ്‌ കോട്ടേജിൽ ജഫിൻ വിത്സൺ (21), വിളപ്പിൽ മൈലാടിമേക്കുംകര പുത്തൻ വീട്ടിൽ അഖിൽ (22) എന്നിവരെയാണ് വട്ടിയൂർക്കാവ്‌ പൊലീസ് അറസ്റ്റുചെയ്‌തത്.

ഇക്കഴിഞ്ഞ 25ന് വൈകിട്ട് അഞ്ചരയ്ക്കാണ് പ്രതികൾ മോഷണം നടത്തിയത്. കടകളിൽ ഭക്ഷ്യവസ്തുക്കളെത്തിച്ച് വില്പന നടത്തുന്ന വാഴോട്ടുകോണം സ്വദേശി സതി പാപ്പാട് ജംഗ്ഷനിലെ ഒരു കടയുടെ മുൻവശത്ത് സ്‌കൂട്ടർ പാർക്ക് ചെയ്‌ത് സാധനം കൊടുക്കാനായി പോയ സമയം പ്രതികൾ സ്‌കൂട്ടർ മോഷ്ടിച്ച് കടക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് വാഹനത്തിന്റെ നമ്പർപ്ലേറ്റ് മാറ്റി ഉപയോഗിച്ചുവന്ന സ്‌കൂട്ടർ അടക്കം പ്രതികളെ ഇന്നലെ പൊലീസ് പിടികൂടിയത്.

വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ആനന്ദബാബു, എസ്.ഐമാരായ ഹരീഷ്, ബിജു, യേശുദാസ്, എ.എസ്.ഐമാരായ രാജേഷ്, ഷൗക്കത്ത്, എസ്.സി.പി.ഒമാരായ അനൂപ്, ഹരികൃഷ്ണൻ, സൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.