നെടുമങ്ങാട്: പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള അദ്ധ്യാപക - വിദ്യാർത്ഥി സമാഗമം വെർച്ച്വൽ മീറ്റ് വഴിയായിരുന്നെങ്കിലും അവിസ്മരണീയമാക്കി വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും. ഏറെനാളുകൾക്ക് ശേഷം പരസ്പരം കണ്ടതിന്റെ ആഹ്ലാദം അദ്ധ്യാപകരും വിദ്യാർത്ഥികളും മറച്ചുവച്ചില്ല. സുഖവിവരങ്ങൾ തുടങ്ങി വീട്ടുവിശേഷങ്ങൾ വരെ ഗൂഗിൾ മീറ്റിലൂടെ പ്രിയ അദ്ധ്യാപകർക്ക് മുന്നിൽ കുട്ടികൾ അവതരിപ്പിച്ചു. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി അണിഞ്ഞൊരുങ്ങി തന്നെയാണ് മൊബൈൽ ഫോണുകൾക്ക് മുന്നിൽ വിദ്യാർത്ഥികൾ എത്തിയത്. ഗൂഗിൾ മീറ്റ് വഴിയുള്ള അദ്ധ്യാപക-വിദ്യാർത്ഥി സംഗമം എല്ലാവരിലും പുതിയ കാഴ്ചയും അനുഭവവുമായി. മണിമുഴക്കവും കുട്ടികളുടെ കലപില ശബ്ദവും ഉണ്ടായില്ലെങ്കിലും വിദ്യാലയങ്ങൾ തോരണങ്ങൾകെട്ടി അലങ്കരിച്ചിരുന്നു. നെടുമങ്ങാട് നഗരസഭാതല പ്രവേശനോത്സവം ചെല്ലാംകോട് യു.പി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി, കൗൺസിലർ പുങ്കുമ്മൂട് അജി തുടങ്ങിയവർ പങ്കെടുത്തു. പൂവത്തൂർ എച്ച്.എസ്.എസിൽ മന്ത്രി ജി.ആർ. അനിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.എസ്. ബിജു അദ്ധ്യക്ഷനായി. അടൂർ പ്രകാശ് എം.പി, നഗരസഭാ കൗൺസിലർമാരായ ലേഖ വിക്രമൻ, താരാജയകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ബി.ബി. സുരേഷ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ പ്രതിഭ സ്വാഗതവും എച്ച്.എം ഷീജ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ മികവ് പ്രദർശനവും നടന്നു.
സ്കൂൾ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു. മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ പ്രവേശനോത്സവവും പഠനമുറി ഒരുക്കലും അക്ഷരദീപം തെളിക്കലും നടത്തി. മധുരം വിളമ്പി മുതിർന്നവർ പുസ്തകങ്ങൾ കൈമാറി. കരുപ്പൂര് ഗവ. ഹൈസ്കൂളിൽ മന്ത്രി ജി.ആർ. അനിൽ ഓൺലൈൻ വഴി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ സ്കൂൾ സന്ദർശിച്ചു. പി.ടി.എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജി. ബിന്ദു സ്വാഗതം പറഞ്ഞു. യൂട്യൂബ് ലൈവിലൂടെയും ഗൂഗിൾ മീറ്റിലുമായി അദ്ധ്യാപകർ കുട്ടികളോട് സംവദിച്ചു. ക്ലാസിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വിദ്യാർത്ഥികളുടെ കലാവിരുന്നും അരങ്ങേറി.
നെറ്റ് വർക്ക് ചതിച്ചു സാറേ...
നഗരസഭയിലെ കരുപ്പൂര്, കാവുമൂല, പേരുമല, ചെല്ലാംകോട്, ഇരിഞ്ചയം, പൂവത്തൂർ പ്രദേശങ്ങളിലെ മിക്ക വിദ്യാർത്ഥികളുടെയും പ്രവേശനോത്സവം കണ്ണീരിൽ കുതിർന്നതായിരുന്നു. ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശം എത്തുന്നതും കാത്ത് പാവം വിദ്യാർത്ഥികൾ മണിക്കൂറുകളോളം മൊബൈൽ ഫോണുകളും പിടിച്ചിരുന്നു. രക്ഷാകർത്താക്കൾ അദ്ധ്യാപകരെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് നെറ്റ് വർക്കിന്റെ പ്രശ്നമാണെന്ന് മനസിലായത്. അദ്ധ്യാപകരെ ഫോണിൽ കണ്ട് സംസാരിക്കാൻ പുത്തനുടുപ്പിട്ട് അണിഞ്ഞൊരുങ്ങി ആകാംഷയോടെ കാത്തിരുന്ന കുട്ടികൾ അതിനു സാധിക്കാതെ വന്നതോടെ കരച്ചിലായി. ബി.എസ്.എൻ.എലിനും വിവിധ സ്വകാര്യ നെറ്റ് വർക്കുകൾക്കും നിരവധി മൊബൈൽ ടവറുകൾ ഈ മേഖലയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉയർന്ന ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും സേവനം ലഭിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വേറിട്ട പ്രവേശനോത്സവം
ഭിന്നശേഷി കുട്ടികളെ വീടുകളിൽ സന്ദർശിച്ച് പാഠപുസ്തകങ്ങളും മധുരപലഹാര പൊതികളും സമ്മാനിച്ച് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം വേറിട്ടതായി. മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികളുടെ വീടുകളിലും അദ്ധ്യാപകർ നേരിട്ടെത്തി ക്ലാസെടുത്തു. 3500 ഓളം പെൺകുട്ടികൾ പ്രവേശനം നേടി നെടുമങ്ങാട് താലൂക്കിലെ മികച്ച പൊതുവിദ്യാലയമായി മാറുകയാണ് ഗേൾസ് സ്കൂൾ. പ്രവേശനോത്സവം നഗരസഭാ അദ്ധ്യക്ഷ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പേരയം ജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വസന്തകുമാരി, കൗൺസിലർ ആദിത്യരവീന്ദ്രൻ, എസ്.എം.സി ചെയർമാൻ മോഹൻദാസ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ എം.ആർ. മീര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജയകുമാർ നന്ദിയും പറഞ്ഞു.