തിരുവനന്തപുരം: വിഴിഞ്ഞം അഴിമുഖത്ത് അപകടമുണ്ടാക്കുന്ന തരത്തിൽ അടിഞ്ഞുകൂടിയ മണൽ ഇന്നലെ മുതൽ നീക്കം ചെയ്‌തുതുടങ്ങിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. കെ. ആൻസലന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മീൻപിടിത്തത്തിനായി പോകുന്നതും തിരികെ വരുന്നതും വാർഫിലെ അഴിമുഖം വഴിയാണ്. ഇവിടെ അടിഞ്ഞിട്ടുള്ള മണൽത്തിട്ടയാണ് അപകടത്തിനു വഴിയൊരുക്കിയതെന്നാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പരാതി. ഇവിടത്തെ നിലവിലെ ആഴം ഏഴ് മീറ്റർ വരുമെന്നാണ് നിഗമനം. കഴിഞ്ഞവർഷം അഴിമുഖത്ത് എട്ട് മീറ്ററോളം ആഴമുള്ളതായി ഹൈഡ്രോഗ്രാഫിക് സർവേയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇൗ വർഷമുണ്ടായ കടലാക്രമണത്തിൽ പൊഴിയൂരിൽ 25 വീടുകൾ പൂർണമായും 21 എണ്ണം ഭാഗികമായും തകർന്നു. 200 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവരുടെ പുനരധിവാസത്തിന് നടപടികളാരംഭിച്ചതായും മന്ത്രി അറിയിച്ചു.