നെടുമങ്ങാട്: ചുള്ളിമാനൂർ പബ്ലിക് മാർക്കറ്റിൽ ഒരുവർഷം മുൻപ് അഞ്ച് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പബ്ലിക് ടോയ്ലെറ്റ് കെട്ടിടം

രാത്രി ഇടിച്ചുനിരത്തിയതിൽ പ്രതിഷേധം. ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കിയ കെട്ടിടത്തിന്റെ വാതിൽ, കട്ടള, കമ്പി, വെന്റിലേഷൻ മുതലായവ കടത്തിക്കൊണ്ട് പോയതായും പരാതി ഉയർന്നിട്ടുണ്ട്. ആനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ചുള്ളിമാനൂർ മാർക്കറ്റ്. ഭരണസമിതി അംഗങ്ങളുടെയോ, സെക്രട്ടറിയുടെയോ അനുമതി കൂടാതെയാണ് പൊതുടോയ്‌ലെറ്റ് ഇടിച്ചതെന്ന് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആർ. അജയകുമാർ ആരോപിച്ചു. തിരുവനന്തപുരം- ചെങ്കോട്ട റോഡിൽ യാത്രക്കാർക്കും മാർക്കറ്റ് സന്ദർശിക്കുന്നവർക്കും ഏറെ ഉപയോഗപ്രദമായിരുന്ന ടോയ്ലെറ്റാണ് ഇടിച്ചുമാറ്റിയത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കണമെന്നും കേസ് രജിസ്റ്റർ ചെയ്യണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.