പോത്തൻകോട്: കൊവിഡ് കാലത്ത് വേറിട്ട രീതിയിൽ കുരുന്നുകൾക്കായി പ്രവേശനോത്സവം ഒരുക്കി കഴക്കൂട്ടത്തെ സെന്റ് ആന്റണീസ് എൽ.പി സ്കൂൾ. പ്രവേശനോത്സവ ദിനമായ ഇന്നലെ വൈകിട്ട് 6.30ന് സ്കൂളിലും വിദ്യാർത്ഥികളുടെ വീട്ടിലും ഒരേ സമയം ദീപം തെളിച്ചാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഒപ്പം മധുരവും വിളമ്പി. ഇതിനായി അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും കുട്ടികളുടെ വീടുകളിലെത്തി ടെക്സ്റ്റ് ബുക്കുകളും പഠനോപകരണങ്ങളും പായസ കിറ്റുകളും മെഴുകുതിരികളും നൽകിയിരുന്നു. സ്കൂളിലെ ചടങ്ങുകൾ ലൈവായി കുട്ടികൾക്ക് ഫോണിൽ കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം നടക്കാതെപോയ പ്രവേശനോത്സവം ഇക്കൊല്ലം കുട്ടികൾ ആവേശപൂർവമാണ് വരവേറ്റത്.