പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കായി ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ആരോപണം. ഇഞ്ചിവിള നെടുങ്ങോട് എ.ജി ചർച്ചിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിട്ടുള്ള കേന്ദ്രത്തിൽ ഒരു മീറ്റർ ഉയരത്തിൽ ചുറ്റിലും കൈവരി മാത്രമുള്ള സ്ഥലത്ത് നെറ്റ് കർട്ടൻ കൊണ്ട് മറച്ചിട്ടുള്ള സ്ഥലത്താണ് രോഗികളെ പാർപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ശക്തമായ മഴയും കാറ്റും ഉള്ള സമയങ്ങളിൽ രോഗികൾ കിടക്കുന്ന സ്ഥലത്തേക്ക് വെള്ളം കയറുന്നതായി പരാതിയുണ്ട്.
വീടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവായ രോഗികളെയാണ് ഇവിടെ പാർപ്പിക്കുന്നത്. എന്നാൽ 50 രോഗികളെ പാർപ്പിക്കുന്നതിന് വേണ്ടത്ര സൗകര്യങ്ങളുള്ള പഞ്ചായത്തിന്റെ കൊടാവിളകത്തെ കെട്ടിടത്തിൽ ഡി.സി.സി പ്രവർത്തിച്ച് വരവെയാണ് കേന്ദ്രം ഇഞ്ചിവിളയിലേക്ക് മാറ്റിയതെന്നതാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. കൂടാതെ ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതത്ത്വമുള്ള വിശ്രമമുറിയില്ല. കർട്ടൺ ഉപയോഗിച്ച് മറച്ചിട്ടുള്ള മുറയിലാണ് ഇവർ വിശ്രമിക്കുന്നത്. രോഗികളായ സ്ത്രീകളെയും പുരുഷന്മാരെയും പാർപ്പിച്ചിട്ടുള്ളത് തകരഷീറ്റ് ഉപയോഗിച്ച് വേർതിരിച്ച സ്ഥലത്താണെന്നും ആരോപണത്തിൽ പറയുന്നു. ആരോഗ്യ പ്രവർത്തകരെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്ന നടപടികളിലെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
രോഗികളുടെ ബന്ധുക്കളിൽ നിന്ന് ആക്ഷേപങ്ങൾ ശക്തമായതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, മണ്ഡലം പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ, വി.കെ. ജയറാം, പഞ്ചായത്ത് അംഗങ്ങളായ ലെൽവിൻ ജോയ്, വിനയനാഥ് വി.ആർ. എന്നിവരടങ്ങുന്ന സംഘമാണ് ഡി.സി.സി സന്ദർശിച്ചത്.