കാട്ടാക്കട: കൊവിഡ് പിടിമുറുക്കിയതോടെ ഓലൈനിൽ മാത്രമൊതുങ്ങി പ്രവേശനോത്സവം. ഗ്രമീണ മേഖലകളിലെ പല സ്കൂളുകളും കുട്ടികളെ വരവേൽക്കാനായി മുഖം മിനുക്കിയെങ്കിലും ഇത്തവണയും കുട്ടികളെ വരവേൽക്കാനായില്ല. കൂട്ടുകാരെയും അദ്ധ്യാപകരെയും കണ്ടപ്പോഴുണ്ടായ ആഹ്ലാദങ്ങൾക്ക് ഇത്തവണയും സാക്ഷിയായത് ഡിജിറ്രൽ പ്ലാറ്റ്ഫോമുകളായിരുന്നു. വർണ തോരണങ്ങളും, ബലൂണുകളും, ചിത്രങ്ങളും, കാർട്ടൂണുകളും ഒക്കെ സ്‌കൂളുകളിൽ അദ്ധ്യാപകരും പി.ടി.എകളും ചേർന്ന് ഒരുക്കിയെങ്കിലും കുട്ടികൾക്ക് നേരിട്ട് ഇവകാണാൻ കഴിഞ്ഞില്ല. എങ്കിലും വെർച്വലായി തന്നെ കുട്ടികൾ ഇവയെല്ലാം ആസ്വദിച്ചു. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പുതിയ പുസ്തകങ്ങളുമായാണ് കുട്ടികൾ പ്രവേശനേത്സവത്തിൽ ഓൺലൈനായി പങ്കെടുത്തത്. ഗ്രാമീണ മേഖലയിൽ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തു പ്രസിഡന്റുമാർ, സാംസ്ക്കാരിക പ്രമുഖർ എന്നിവർ വിവിധ സ്‌കൂളുകളിൽ നടന്ന പ്രവേശനോത്സവങ്ങൾ നേരിട്ടും ഓൺലൈനായും ഉദ്ഘാടനം ചെയ്തു.