തിരുവനന്തപുരം: മഴക്കാലം അരികിലെത്തിയിട്ടും ശുചീകരണം എങ്ങുമെത്തിയില്ലെന്ന പരാതിയുമായി കൗൺസിലർമാർ. വാർഡുകളിൽ ശുചീകരണത്തിനായി ആവശ്യത്തിന് വാഹനങ്ങളും ഉപകരണങ്ങളും കിട്ടുന്നില്ലെന്നാണ് കൗൺസിലർമാരുടെ പരാതി. മഴക്കാല പൂർവശുചീകരണം ചർച്ച ചെയ്യാനായി ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് കൗൺസിലർമാർ വാർഡുകളിലെ ശുചീകരണത്തിന്റെ അവസ്ഥ അറിയിച്ചത്. ഇതുകൂടാതെ ഇറിഗേഷന്റെയും പൊതുമരാമത്തിന്റെയും ഓടകൾ ശുചിയാക്കുന്നില്ലെന്നും കൗൺസിലർമാർ പറഞ്ഞു. ഫോഗിംഗ് നടത്താനും കൊതുകിനെ നശിപ്പിക്കാനുള്ള മരുന്ന് തളിക്കാനും നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് നേതാവ് പി. പത്മകുമാർ ആവശ്യപ്പെട്ടു. അടഞ്ഞുകിടക്കുന്ന പൊതുമരാമത്ത് ഓടകൾ കൂടി ശുചിയാക്കണമെന്ന് ബി.ജെ.പി നേതാവ് എം.ആർ. ഗോപൻ ആവശ്യപ്പെട്ടു. സ്‌കൂളുകൾ, സ്ഥാപനങ്ങൾ, ഒഴിഞ്ഞ് കിടക്കുന്ന സ്വകാര്യസ്ഥലങ്ങൾ എന്നിവയ്ക്ക് പ്രത്യേകശ്രദ്ധ കൊടുത്ത് കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ഡി.ആർ. അനിൽ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, എസ്. സലിം, പാളയം രാജൻ, തിരുമല അനിൽ, ജാനകി അമ്മാൾ, രാജേന്ദ്രൻ, മേരിപുഷ്‌പം തുടങ്ങിയവരും സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പരാതികൾക്ക് പരിഹാരം കാണാമെന്നും വാഹനങ്ങളും ഉപകരണങ്ങളും അടക്കമുള്ളവ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും മേയർ ആര്യ രാജേന്ദ്രൻ ഉറപ്പ് നൽകി.
പരിസ്ഥിതിദിനത്തോടെ തുടക്കം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഞ്ചിന് ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും വൃക്ഷത്തൈ നടീലും മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. അന്നേദിവസം വാർഡുതലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കും. മാലിന്യം നീക്കംചെയ്ത സ്ഥലങ്ങളിൽ വൃക്ഷതൈകളും ചെടികളും വച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരണവും ആരംഭിക്കും. ആറാം തീയതി മുതൽ തുടർന്നുള്ള എല്ലാ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കാനും തീരുമാനിച്ചു. ഡ്രൈഡേ ആചരിക്കുന്നതിൽ ഏറ്റവും കൂടുതൽ വീടുകൾ പങ്കുചേർന്ന വാർഡിന് 25,000 രൂപ സമ്മാനം നൽകും.