ബാലരാമപുരം: മന്ത്രിയെ ഫോണിൽ വിളിച്ച കുട്ടികൾക്ക് മൊബൈൽ ഫോണുമായി വ്യാപാരികളെത്തി. ബാലരാമപുരം അയണിയറത്തലവീട്ടിൽ കൂലിപ്പണിക്കാരനായ ബിനുവിന്റെയും സിന്ധുവിന്റെയും മക്കളായ ശരണ്യയ്ക്കും ലാവണ്യയ്ക്കുമാണ് പ്രവേശനോത്സവദിന സമ്മാനമായി വ്യാപാരി വ്യവസായി സമിതി നേമം ഏരിയാ കമ്മിറ്റി സ്മാർട്ട് ഫോൺ വീട്ടിലെത്തിച്ചത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ടെലിവിഷൻ പരിപാടിക്കിടയിൽ സ്ക്രീനിൽ കാണിച്ച നമ്പരിൽ വിളിച്ചാണ് പത്താം ക്ലാസുകാരിയായ ശരണ്യ, തനിക്കും ഏഴാം ക്ലാസിൽ പഠിക്കുന്ന അനിയത്തി ലാവണ്യയ്ക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോണില്ലെന്ന വിവരം അറിയിച്ചത്. തുടർന്ന് മന്ത്രി വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാനെ വിളിച്ച് അടിയന്തരമായി ഫോൺ സൗകര്യം ലഭ്യമാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പ്രവേശനോത്സവദിവസം എം. ബാബുജാനും സമിതി നേതാക്കളും ശരണ്യയുടെ വീട്ടിലെത്തി ഫോൺ സമ്മാനിച്ചു. ഏരിയാ സെക്രട്ടറി എസ്.കെ. സുരേഷ് ചന്ദ്രൻ, നേതാക്കളായ ഷെയ്ക്ക് മൊഹ്ദീൻ, അബ്ദുൽ സലാം, ആർ. മധു, സലീം, സിറ്റിസൺ ഫോറം സെക്രട്ടറി എ.എസ്. മൻസൂർ എന്നിവർ പങ്കെടുത്തു. ഫോൺ ലഭിച്ച വിവരം ആഹ്ലാദത്തോടെ അവർ മന്ത്രിയെ അറിയിച്ച് നന്ദി രേഖപ്പെടുത്തി. ശരണ്യയും ലാവണ്യയും നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളാണ്.