തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിൽ മറ്റ് അംഗങ്ങൾ ചെയ്തതുപോലെ, 'സഗൗരവ'ത്തിലോ ദൈവനാമത്തിലോ പ്രതിജ്ഞ ചെയ്യാത്ത ദേവികുളം എം.എൽ.എ എ.രാജ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേമ്പറിൽ രാവിലെ 8.30നാണ് പ്രതിജ്ഞ. രാജയുടെ പ്രതിജ്ഞ ചട്ടലംഘനമാണെന്ന 26ലെ കേരളകൗമുദി വാർത്ത ശരിവച്ചുകൊണ്ട് നിയമവകുപ്പ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടു സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത്. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണിങ്ങനെ വാക്ക് വിട്ടുപോയതിന്റെ പേരിൽ എം.എൽ.എയായി വീണ്ടും സത്യപ്രതിജ്ഞ.
തമിഴിൽ സഗൗരവും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു രാജയുടെ തീരുമാനം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അത് അറിയിക്കുകയും ചെയ്തു. ''....കടമകളെ ഉന്മയുടൻ നിറവേറ്റ്റ്മെന്റും ഉളമാറ് ഉറുതി കൊടുക്കിറേൻ'' എന്നാണ് വരേണ്ടിയിരുന്നത്.ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത പ്രതിജ്ഞാ വാചകത്തിൽ 'ഉളമാറ്' (സഗൗരവം) എന്ന തമിഴ് വാക്ക് ഉണ്ടായിരുന്നില്ല. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. തുടർന്ന് സ്പീക്കറുടെ നിർദേശ പ്രകാരം നിയമസഭ സെക്രട്ടേറിയറ്റ് നിയമവകുപ്പിനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണ കത്തിൽ കേരളകൗമുദി വാർത്തയുടെ കോപ്പിയും ഉൾപ്പെടുത്തിയിരുന്നു. നിയമവകുപ്പിലെ വിവർത്തന വിഭാഗമാണ് തമിഴിലുള്ള സത്യപ്രതിജ്ഞ തയ്യാറാക്കി നൽകിയിരുന്നത്.
ഭരണഘടന പ്രകാരം എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ദൈവനാമം അല്ലെങ്കിൽ സഗൗരവം എന്ന വാക്ക് വേണം. ഭാഷ ഏതായാലും തുല്യപദം ഉപയോഗിക്കണം. ഈ വ്യവസ്ഥ തെറ്റിച്ചപ്പോഴൊക്കെ സത്യപ്രതിജ്ഞ അസാധുവാക്കിയിട്ടുണ്ട്.