theyyam-

ചീമേനി (കാസർകോട്): മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കേട്ട് കടുത്ത ആരാധികയായി മാറിയ മകൾ തീർത്ഥയ്ക്ക്, ഈ അച്ഛന് എന്തെങ്കിലും നിർമ്മിച്ച് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തുകൂടെ എന്നായിരുന്നു സംശയം. കലാകാരനും ഫോട്ടോഗ്രാഫറുമായ പിതാവ് പുത്തൂരിലെ രതീഷ് കോളിയാടിനും ഇത് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി. സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളുടെ പിന്തുണയും ആയപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തെയ്യം ശിൽപം തന്നെ ഒരുക്കാമെന്ന് രതീഷ് വിചാരിച്ചു. 10 ദിവസം നീണ്ടുനിന്ന കഠിന പ്രയ്തനം. വിഷ്‌ണുമൂർത്തി തെയ്യത്തിന്റെ രണ്ടര അടി പൊക്കമുള്ള മഹനീയ ശിൽപം പൂർണതയിലെത്തി. സിമന്റ് മാത്രമാണ് ഉപയോഗിച്ചത്. കൂടാതെ ഫോംബോർഡ് നൂൽ, കളർ എന്നിവയും ഉപയോഗിച്ചിരുന്നു. 15 കിലോയോളം തൂക്കം വരും. തെയ്യം കെട്ടുമ്പോൾ ചെയ്യുന്ന വിഷ്ണുമൂർത്തിയുടെ മുഖത്തെഴുത്ത് തന്നെയാണ് ഇതിലും വരച്ചത്. ഇതിനായി തെയ്യം കലാകാരൻ സുര മണക്കാടന്റെ സഹായവും രതീഷിന് ലഭിച്ചിരുന്നു. ഈ ശില്പം ലേലത്തിൽ വച്ച് കിട്ടുന്ന രൂപ മുഴുവനും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. ആദ്യമായിട്ടല്ല രതിഷ് കോളിയാട്ട് ശില്പം ഉണ്ടാക്കുന്നത്. കഴിഞ്ഞ ലോക് ഡൗൺ സമയത്ത് ഒമ്പതോളം വ്യത്യസ്ത തെയ്യം ശില്പങ്ങൾ നിർമ്മിച്ചു ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചൂട്ടിന്റെ അരണ്ട വെളിച്ചത്തിലും വെയിലിലും പോയി ക്ഷേത്രങ്ങളിൽ നിന്നും തറവാടുകളിൽ നിന്നുമെടുത്ത തെയ്യം ഫോട്ടോകൾ രതീഷിന്റെ ശേഖരത്തിലുണ്ട്. സ്വാമി മുക്കിൽ പത്മാ കിച്ചൻ എന്ന സ്ഥാപനം നടത്തുകയാണ് രതീഷ്. ഭാര്യ രജിത കരിവെള്ളൂർ പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയാണ്. തീർത്ഥ, തെന്നൽ. എന്നിവർ മക്കളാണ്. പരേതനായ കോളിയാട് പത്മാവതിയുടെയും കോടിയത്ത് തമ്പാന്റെയും മകനാണ്. ശില്പത്തിന്റെ ലേലത്തിനായി നിരവധി പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ അടുത്ത സുഹൃത്തും ലേലത്തിൽ പങ്കെടുക്കുമെന്ന് രതീഷ് പറയുന്നു. ജൂൺ 20 നകം പറയുന്ന എറ്റവും വലിയ തുകയ്ക്ക് ലേലം ഉറപ്പിക്കും. കിട്ടുന്ന തുക മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറണമെന്ന് ആഗ്രഹമുണ്ടെന്ന് മകൾ തീർത്ഥ പറഞ്ഞു.

ഫോൺ: 9946464803