mushi

സുൽത്താൻ ബത്തേരി: അധിനിവേശ സസ്യങ്ങളായ സെന്ന, മൈക്കേനിയ, മക്കരാന്ത തുടങ്ങിയവ വയനാട് വന്യ ജീവി സങ്കേതത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥക്ക് ഭീഷണിയായതിന്റെ പിന്നാലെ ഇപ്പോൾ അധിനിവേശ മത്സ്യവും വ്യാപകം. ആഫ്രിക്കൻ മുഷിയാണ് തദ്ദേശീയ ജലജീവികൾക്ക് ഭീഷണിയായി ജലാശയങ്ങളിൽ നിറഞ്ഞിരിക്കുന്നത്.
സ്വാഭാവിക നീരുറവകളിലെയും കുളങ്ങളിലെയും തദ്ദേശിയ ജലജീവികളുടെ ആവാസ വ്യവസ്ഥക്ക് ഇവ വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ജലജീവികളുടെ നാശത്തിന് ഇടയാക്കുന്ന ആഫ്രിക്കൻ മുഷിയെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ വനം വകുപ്പ് നടപടി ആരംഭിച്ചു.
വയനാട് വന്യ ജീവി സങ്കേതത്തിലെ മുത്തങ്ങ വനമേഖലയിലെ ജലാശയങ്ങളിലാണ് ആഫ്രിക്കൻ മുഷിയെ കണ്ടെത്തിയത്. രണ്ട് കുളങ്ങളിലാണ് അധിനിവേശ മത്സ്യത്തെ കണ്ടതെങ്കിലും എല്ലാ ജലസ്രോതസുകളിലും പരിശോധന നടത്തി ഇവയെ നിർമ്മാർജനം ചെയ്യാനാണ് നീക്കം. വന്യജീവി സങ്കേതത്തിലെ രണ്ട് കുളങ്ങളിൽ നിന്നായി ഇതിനകം നൂറിൽപ്പരം ആഫ്രിക്കൻ മുഷികളെയാണ് വനം വകുപ്പ് പിടികൂടി നീക്കം ചെയ്തത്. രണ്ട് കിലോ തൂക്കം വരുന്നതാണ് മത്സ്യങ്ങൾ. വയനാട് വന്യ ജീവി സങ്കേതത്തിലെ നാല് റെയിഞ്ചുകളിലായി ചെക്ക് ഡാമുകളടക്കം 217 സ്വാഭാവിക ജലസ്രോതസുകളാണ് ഉള്ളത്. സ്വാഭാവിക ജല ജീവികളുടെ നാശത്തിന് ഇടവരുത്തുന്ന ഈ മത്സ്യങ്ങൾ ജില്ലയിലെ പ്രധാന പുഴകളിലടക്കം നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും വയനാട് വന്യ ജീവി സങ്കേതത്തിനകത്ത് കാണപ്പെടുന്നത് ഇത് ആദ്യമാണ്.
ലോക ജൈവ വൈവിദ്ധ്യ ദിനത്തോടനുബന്ധിച്ച് തദ്ദേശീയമായ മത്സ്യ വർഗ്ഗങ്ങളെക്കുറിച്ച് പഠിക്കാൻ വന്യജീവി സങ്കേതം അധികൃതർ തീരുമാനിച്ച സമയത്താണ് ആഫ്രിക്കൻ മുഷിയുടെ സാന്നിദ്ധ്യം കാട്ടിലെ കുളങ്ങളിലുണ്ടെന്ന് ഗോത്ര വിഭാഗക്കാരിൽ നിന്ന് അറിയുന്നത്. തുടർന്നായിരുന്നു പരിശോധന. ആഫ്രിക്കൻ മുഷി മറ്റ് ജലജീവികളുടെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാണെന്ന് കണ്ടതോടെ ഇതിനെ നിരോധിച്ചതായിരുന്നു. ഇതിനെ നേരത്തെ വളർത്തിയിരുന്നവർ വീട്ടുപറമ്പിലെ സുരക്ഷിതമല്ലാത്ത കുളങ്ങൾ, തടാകങ്ങൾ, ഉപേക്ഷിക്കപ്പെട്ട ക്വാറി കുളങ്ങൾ എന്നിവിടങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് പ്രളയത്തിനിടയിലായിരിക്കാം തദ്ദേശിയ ജലജീവികൾക്ക് ഭീഷണിയായി ആഫ്രിക്കൻ മുഷികൾ വന്യ ജീവി സങ്കേതത്തിലെ കുളങ്ങളിൽ എത്തിയതെന്നാണ് ജലജീവി നിരീഷകരുടെ കണക്കുകൂട്ടൽ. സ്വാഭാവിക ജലജീവികളെ മുഴുവൻ തിന്നു നശിപ്പിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥക്ക് ഭീഷണി ഉയർത്തുന്നതാണ് അധിനിവേശ മത്സ്യം.