കാക്കയങ്ങാട്: കാട്ടാന ശല്യം രൂക്ഷമായതോടെ മലയോര നിവാസികൾ പ്രാണ ഭയത്തിലാണ്. മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിലും പെരുമ്പുന്നയിലും എത്തുന്ന കാട്ടാനക്കൂട്ടം ഓരോ ദിവസവും മേഖലയിൽ കനത്ത നാശനഷ്ടങ്ങളാണ് വരുത്തുന്നത്. ഒരു മാസത്തിനിടെ പകുതിയോളം ദിവസങ്ങളിലും ജനവാസ മേഖലകളിൽ കാട്ടാനകളിറങ്ങി നാശം വിതയ്ക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആറളം ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനകൾ പുഴ കടന്നാണ് ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ചില ദിവസങ്ങളിൽ രാത്രി എട്ടുമണിയോടെ എത്തുന്ന ആനക്കൂട്ടം പുലർച്ചെയാണ് തിരികെ പോകുന്നത്. ആദ്യമൊക്കെ ഒന്നും രണ്ടും ആനകളാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ കുറച്ചുകാലമായി അഞ്ചും ആറുമാണ് എത്തുന്നത്. രാത്രികാലങ്ങളിൽ കൃഷിയിടത്തിൽ നിന്നും ആനയെ തുരത്തിയോടിക്കാൻ ജീവൻ പണയം വച്ച് കഷ്ടപ്പെടുകയാണ് പ്രദേശവാസികൾ.
പാലപ്പുഴയിലെ രഞ്ജിനി നിവാസിൽ പ്രഭാകരന്റെ തെങ്ങ്, വാഴ എന്നിവയും ചെക്കിയിൽ വിനീതയുടെ വാഴകളുമാണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി നശിപ്പിച്ചത്. ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടങ്ങൾ എത്താതിരിക്കാൻ രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും അത് കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി.
പാലപ്പുഴയിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച കൃഷിയിടങ്ങൾ ഡോ. വി. ശിവദാസൻ എം.പി സന്ദർശിച്ചു.
കാട്ടുമൃഗങ്ങളുടെ ശല്യം കർഷകർക്ക് ഉണ്ടാക്കുന്ന ദുരിതം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും ഇതിന് പരിഹാരം കാണുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണെന്നും അതിന് കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ ഇടപെടൽ ആവശ്യമാണെന്നും വി. ശിവദാസൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, എം. ബിജു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.