കിളിമാനൂർ: നന്മയുടെ ഒന്നാം പാഠമുൾക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ സംഭാവന നൽകി അടയമൺ ഗവൺമെന്റ് എൽ.പി.എസിലെ ഒന്നാം ക്ലാസുകാർ പ്രവേശനോത്സവം ആഘോഷമാക്കി. പുത്തനുടുപ്പും പുസ്തകസഞ്ചിയും വർണക്കുടയുമായി രക്ഷിതാക്കളുടെ കൈപിടിച്ച് സ്കൂൾമുറ്റത്തെത്തുന്നതിനു പകരം ഏവർക്കും കരുതലിന്റെ മാതൃകയുമായി അവരെത്തി. വീട് അലങ്കരിച്ചും മധുരം വിളമ്പിയും നന്മയുടെ ഒന്നാം പാഠം കുട്ടികൾക്ക് പകർന്നുനൽകി അദ്ധ്യാപകരും രക്ഷിതാക്കളും മാതൃകയായി. കുട്ടികളുടെ ഒരു രൂപ സംഭാവന സ്കൂൾ ഹെഡ്മിസ്ട്രസ് അവരുടെ പേരിൽ ദുരിതാശ്വാസനിധിയിൽ നിക്ഷേപിച്ചു. ഓൺലൈനായി നടന്ന പ്രവേശനോത്സവപരിപാടി ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശശികല ടീച്ചർ, എസ്.എം.സി ചെയർമാൻ, അടൂർ പ്രകാശ് എം.പി, പഴയകുന്നുമ്മേൽ പഞ്ചായത്ത് കെ.രാജേന്ദ്രൻ, എ.ഇ.ഒ രാജു എന്നിവർ ആശംസകൾ നേർന്നു.