stadium

വിതുര: കാട്മൂടി ആരും തിരിഞ്ഞുനോക്കാതെ അവഗണിക്കപ്പെട്ട വിതുര പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണത്തിന്റെ ട്രാക്കിൽ. വിതുര പഞ്ചായത്തിന്റെ കീഴിലുള്ള ഏക കളിക്കളം കൂടിയായ മിനിസ്റ്റേഡിയം നവീകരിക്കുന്നതിനായി പഞ്ചായത്ത് 25-ലക്ഷം രൂപയാണ് അനുവദിച്ചത്. വിതുര -പൊന്മുടി സംസ്ഥാനപാതയിൽ കെ.പി.എസ്.എം. ജംഗ്ഷനു സമീപമുള്ള മിനിസ്റ്റേഡിയം കാടുകയറിയിട്ട് വർഷങ്ങളായി. പഞ്ചായത്തിന്റെ വക അരയേക്കറിലുള്ള കളിസ്ഥലം റോഡിൽ നിന്ന് താഴ്ന്നായതിനാൽ ചെറിയ മഴയത്തും വെള്ളക്കെട്ടാകും. ഇതു സംബന്ധിച്ച് കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിനി സ്റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ അനവധി സമരപരിപാടികളും അരങ്ങേറി. പരാതികൾക്കൊടുവിൽ മൂന്നു വർഷം മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് പ്രവേശനകവാടം നിർമിച്ചതു മാത്രമാണ് ആകെ നടന്ന വികസനം. ഒടുവിൽ കളിക്കളം അനാഥമായി കിടന്നു. കന്നുകാലികളെ മേയ്ക്കാനുള്ള സ്ഥലമായി മാറിയ ഇവിടെ ഇടയ്ക്ക് പ്രാദേശികക്ലബുകളുടെ മത്സരങ്ങളോ യോഗങ്ങളോ കൺവെൻഷനുകളോ മാത്രമാണ് നടക്കുന്നത്. പല തവണയായി നിരവധി പദ്ധതികൾ കൊണ്ടുവന്നെങ്കിലും പല കാരണങ്ങളാൽ അവ മുടങ്ങി. ഒടുവിൽ പുതിയ പഞ്ചായത്ത് ഭരണസമിതി കളിക്കളത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ തീരുമാനിച്ചത്.

പാളിയ പദ്ധതികൾ

 കഴിഞ്ഞ പഞ്ചായത്തുസമിതി നീന്തൽക്കുളം നിർമിക്കാൻ പദ്ധതിയിട്ടെങ്കിലും നാട്ടുകാരുടെ എതിർപ്പ് തടസമായി.

 പിന്നീട് വന്ന ഇൻഡോർസ്‌റ്റേഡിയം നിർമ്മാണപദ്ധതിയും പാളി.

 സ്റ്റേഡിയം നവീകരിക്കാൻ അനുവദിച്ചത്.................. 25 ലക്ഷം

 പ്രവേശന കവാടം നിർമ്മിച്ചിട്ട് ............3 വർഷം

നിർമ്മാണം ഉടൻ

സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് പരിഹരിക്കുക, ചുറ്റുമതിൽ, ഗാലറി എന്നിവ നിർമിക്കുക തുടങ്ങിയവ ആദ്യഘട്ടത്തിൽ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് പറഞ്ഞു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഇൻഡോർ സ്റ്റേഡിയമാക്കി മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴക്കാലം കഴിഞ്ഞാലുടൻ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു.

വിതുര പഞ്ചായത്ത് മിനിസ്റ്റേഡിയം നവീകരിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ച വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജിനും വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദിനും പഞ്ചായത്തംഗങ്ങൾക്കും നന്ദിരേഖപ്പെടുത്തുന്നു.

കളീക്കൽ ജനനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ

പടം

വിതുര പഞ്ചായത്ത് മിനി സ്റ്റേഡിയം