തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ചെലവിൽ രാജ്യത്തെ ജനങ്ങൾക്കെല്ലാം സൗജന്യമായി കൊവിഡ് വാക്സിൻ സമയബന്ധിതമായി നൽകണമെന്ന് കേരള നിയമസഭ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വീണാജോർജ്ജ് നിയമസഭയിൽ അവതരിപ്പിച്ച ഇതുസംബന്ധിച്ച പ്രമേയം ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഏകകണ്ഠമായി അംഗീകരിച്ചു.
കൊവിഡിനെ ചെറുക്കാൻ സാർവത്രിക വാക്സിനേഷനാണ് ഏകമാർഗം. അത് നിർവഹിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണ്. മുൻകാലങ്ങളിലും സൗജന്യമായാണ് മഹാമാരികൾക്കെതിരെ വാക്സിനുകൾ നൽകിയിട്ടുള്ളത്. എന്നാൽ കൊവിഡ് വാക്സിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ വാങ്ങി പൊതുജനങ്ങൾക്ക് നൽകാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അത് സംസ്ഥാനങ്ങൾക്ക് വൻസാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. മാത്രമല്ല സംസ്ഥാനങ്ങൾ വാക്സിനായി സ്വകാര്യകമ്പനികളോട് മത്സരിക്കുമ്പോൾ കമ്പനികൾ വില വർദ്ധിപ്പിക്കാൻ ഇടയുണ്ടാകും.
നിർബന്ധിത ലൈസൻസിംഗ് വ്യവസ്ഥ ഉപയോഗപ്പെടുത്തി പൊതുമേഖലയിലെ കമ്പനികളിൽ വാക്സിനുണ്ടാക്കാൻ നടപടിയെടുക്കണമെന്നും സഭ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. പ്രതിപക്ഷത്തെ എൻ. ഷംസുദ്ദീൻ കൊണ്ടുവന്ന ഭേദഗതിയും ഉൾപ്പെടുത്തി. നടപ്പ് സമ്മേളനത്തിൽ സഭ ഒറ്റക്കെട്ടായി പാസാക്കുന്ന രണ്ടാമത്തെ പ്രമേയമാണിത്.