കിളിമാനൂർ: പത്താം ക്ലാസിലേക്ക് പ്രവേശിച്ചെങ്കിലും സ്കൂളിൽ പോകാൻ പറ്റാത്തതിന്റെ നിരാശ നിറയുമ്പോഴാണ് ഫാരിസിനെ തേടി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വിളിയെത്തുന്നത്. അതോടെ ഫാരിസിന്റെ സന്തോഷം ഇരട്ടിച്ചു. പ്രവേശനോത്സവം പലരും പലവിധത്തിൽ ആഘോഷിച്ചപ്പോൾ ഫാരിസ് മന്ത്രിയുടെ ഛായാചിത്രം വരയ്ക്കുകയാായിരുന്നു. ഈ ചിത്രം മുൻ എം.എൽ.എ ബി. സത്യൻ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയും തുടർന്ന് മന്ത്രി നേരിട്ട് ഫാരിസിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. തൊളിക്കുഴി സ്വദേശി മുജീബിന്റെ മകനും കിളിമാനൂർ രാജാരവിവർമ്മാ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫാരിസ് മുഖ്യമന്ത്രി മുതൽ ഒട്ടുമിക്ക പ്രഗത്ഭ വ്യക്തികളുടെയും ചിത്രം വരച്ചിട്ടുണ്ട്. പഠനത്തിലും ഫാരിസ് മിടുക്കനാണെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.