പാലോട്: നന്ദിയോട് ഓട്ടുപാലം കല്ലണ അത്തം ഹൗസിൽ ബിനുകുമാർ എന്ന അദ്ധ്യാപകൻ മരിച്ചിട്ട് ഒരു വർഷം തികയുമ്പോൾ മരണകാരണം പുറത്തുവന്നിട്ടില്ല. 2020 ജൂൺ 5 ന് രാത്രി ഒൻപതര മണിയോടുകൂടി വീട്ടിന് സമീപത്തെ തോട്ടിൽ വീണ് ബിനുകുമാർ മരിക്കുന്നത്. ശക്തമായ മഴയുണ്ടായിരുന്ന സമയത്താണ് ഇദ്ദേഹം തോട്ടിൽ വീണത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരം പാലോട് പൊലീസും തിരച്ചിൽ നടത്തിയെങ്കിലും പിറ്റേ ദിവസമാണ് മൃതദേഹം പേരക്കുഴി തോട്ടിൽ കണ്ടെത്തിയത്. തലയിലേറ്റ മുറിവായിരുന്നു മരണകാരണമായി അന്ന് പറഞ്ഞിരുന്നത്. ബിനു ഉപയോഗിച്ചിരുന്ന ഫോൺ മൂന്നു മാസം മുൻപ് വീടിന് സമീപത്തു തന്നെയുള്ള പയറ്റടി ബലിക്കടവിന് സമീപത്തുനിന്നും കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ലഭിച്ചു. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോഴും. ബിനുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് സഹോദരൻ ഷിബുകുമാർ മുഖ്യമന്ത്രിക്കും മറ്റ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണം ഇപ്പോഴും നടക്കുകയാണ്. വീണ്ടും ഒരു അദ്ധ്യയന വർഷം ആരംഭിക്കുമ്പോഴും ബിനു എന്ന മാതൃകാദ്ധ്യാപകന്റെ ഓർമ്മകളാണ് വിതുര ഗവ: യു പി സ്കൂളിൽ നിറയുന്നത്. വിക്ടേഴ്സ് ചാനലിൽ ഗണിത ശാസ്ത്രം അവതരിപ്പിച്ചതും ബിനു എന്ന തങ്ങളുടെ പ്രിയപ്പെട്ട മാഷായിരുന്നു. മരണ ദിവസം രാത്രി 7.30 ന് ബിനു അവതരിപ്പിച്ച പാഠ ഭാഗമായിരുന്നു വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്തത് എന്നതും യാദൃശ്ഛികം. ഒരു വർഷം പിന്നിടുമ്പോഴും മരണകാരണം എന്താണ് എന്ന് കണ്ടു പിടിക്കാനാകാത്തത് മാത്രമാണ് വേദനയായി നിലനില്കുന്നത്.