ve

നെയ്യാറ്റിൻകര: അമിതഭാരം കയറ്റിയ വാഹനങ്ങളുടെ അനിയന്ത്രിതമായ യാത്രയും മഴക്കെടുതിയും നെയ്യാറ്റിൻകര രാമേശ്വരം-പാലക്കടവ് പാലം അപകടഭീഷണിയിലാക്കുന്നു. പാലത്തിന്റെ അടിഭാഗത്ത് മധ്യത്തിലായി പാലത്തിനെ താങ്ങി നി‌റുത്തിയിരിക്കുന്ന കൂറ്റൻ കോൺക്രീറ്റ് തൂണിനാണ് ബലക്ഷയം സംഭവിച്ചിട്ടുളളത്. അമരവിള-കണ്ണംകുഴി ഭാഗത്ത് നിന്നും നെയ്യാറ്റിൻകര കോടതി റോഡുവഴി ദേശീയപാതയിലേയ്ക്ക് എത്താനുളള എള്ളുപ്പമാർഗ്ഗമാണ് ഈ പാലം കടന്നുളള റോഡ്. കരിങ്കല്ല്, തടിയുരുപ്പടികൾ എന്നിവ കയറ്റിയ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസേന കടന്നുപോകുന്നത്. തൂണിന്റെ കോൺക്രീറ്റ് അടർന്ന് മാറി അതിനുളളിലെ കമ്പികൾ പുറത്ത് കാണുംവിധമാണ് ഇപ്പോഴുളളത്. കനത്ത മഴയുണ്ടാകുന്ന സമയങ്ങളിൽ ഇവിടെ നെയ്യാ‌ർ‌ഡാം കൂടെ തുറന്നുവിടുക പതിവാണ്. തുടർന്ന് ജലം പാലത്തിനൊപ്പം നിറഞ്ഞ് ഒഴുകും. പാലത്തിലൂടെയുളള വാഹനങ്ങളുടെ യാത്രയും ജലത്തിന്റെ കുത്തൊഴുക്കും തൂണിന് കേടുപാടുകൾ സംഭവിക്കുന്നതിനിടയാക്കിയിട്ടുണ്ട്. ചെറുകിട വാഹനങ്ങൾ പോകുന്നതിനുളള ക്രോസ് വേയായാണ് 1996 കാലയളവിൽ 60 ലക്ഷം രൂപ മുടക്കി ഇവിടെ പാലം നിർമ്മിച്ചത്. എന്നാൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് പാലത്തിന്റെ തൂണിന് കേടുപാടുൾക്കിടയാക്കുകയും ബലക്ഷയത്തിന് കാരണമാവുകയുമായിരുന്നു. ഈ റോഡിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകാൻ പാടില്ലായെന്ന ലോകായുക്തയുടെ ഉത്തരവുണ്ടെങ്കിലും അതെല്ലാം ലംഘിച്ചാണ് യാത്ര. കരമന-കളിയിക്കാവിള ദേശീയപാതയിലൂടെ നേരിട്ട് നെയ്യാറ്റിൻകരയെത്തി യാത്രചെയ്യാമെന്നിരിക്കെ അമരവിള ചെക്ക്പോസ്റ്റിലെ നികുതി പരിശോധനയിൽ നിന്നും രക്ഷപ്പെടാനായാണ് അമിതഭാരം കയറ്റിയ വാഹനങ്ങൾ ഈ ഇടറോഡിനെ ആശ്രയിക്കുന്നത്. മഴയുടെ കുത്തിയൊഴുക്കും അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിരന്തരയാത്രയുമാണ് പാലത്തിന്റെ കോൺക്രീറ്റ് തൂൺ തകരുന്നതിനിടയാക്കിയതെന്നാണ് പ്രദേശവാസികളുടെ പരാതി.