തിരുവനന്തപുരം: നഗരസഭയ്ക്കും ജില്ലയിലെ ചില സർക്കാർ ആശുപത്രികൾക്കുമെതിരെ കഴിഞ്ഞ ദിവസം നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ പരാമർശം. 53 ലക്ഷത്തോളം രൂപ നഗരസഭ നഷ്ടപ്പെടുത്തിയെന്നും നെയ്യാറ്റിൻകര, ഫോർട്ട് താലൂക്ക് ആശുപത്രികളിൽ സാമ്പത്തിക തിരിമറി നടന്നെന്നുമാണ് പരാമർശം. പാളയം കണ്ണിമേറ മത്സ്യച്ചന്തയിലെ അശാസ്ത്രീയ നവീകരണം കാരണം കോർപ്പറേഷന് 23.25ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും സി.എ.ജി റിപ്പോർട്ടിൽ പരാർശമുണ്ട്. ഉചിതമായ അന്വേഷണം നടത്താതെയും വ്യാപാരികളുടെ ആവശ്യങ്ങൾ ചോദിച്ചറിയാതെയുമുള്ള നിർമ്മാണം വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പറയുന്നു. ചട്ടങ്ങൾ പാലിക്കുന്നതിലുള്ള വീഴ്ചയും മേൽനോട്ടത്തിലെ അലംഭാവവും കാരണം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 1.84 ലക്ഷം രൂപയുടെ തിരിമറിയും ഫോർട്ട് താലൂക്കാശുപത്രിയിൽ 83000 രൂപയുടെ തിരിമറിയും നടന്നതായി സംശയമുള്ളതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.
ചെയ്യാത്ത പ്രവൃത്തികൾക്ക്
കരാറുകാരന് നൽകിയത് 4ലക്ഷം
പാളയം കണ്ണിമേറ മാർക്കറ്റിൽ 2016 ക്ടോബറിൽ ആധുനിക മത്സ്യ ചന്തയുടെ നിർമ്മാണം പൂർത്തിയാക്കി. 2017 മേയിൽ 23.25ലക്ഷം രൂപ കരാറുകാരന് കൈമാറി. അശാസ്ത്രീയമായ രൂപകല്പനയും സ്ഥലക്കുറവും കാരണം ആധുനിക മത്സ്യചന്ത ഉപയോഗശൂന്യമായതായി സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥലക്കുറവായിരുന്നതിനാൽ മത്സ്യവ്യാപാരികൾക്ക് ഇരിപ്പിടസൗകര്യം ഒരുക്കിയില്ല. എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ പ്ലംബിംഗ് ജോലികൾ, ജലവിതരണം മുതലായവയ്ക്ക് ടി.എം.സി ഒഴിവാക്കി. തറയിൽ സെറാമിക് ടൈൽസിന് പകരം വിട്രിഫൈഡ് ടൈൽസ്, മത്സ്യം വിൽക്കാനുള്ള കോട്ട സ്‌റ്റോണിന് പകരം മിറർ ഫിനിഷുള്ള മാർബിൾ സ്റ്റോൺ എന്നിങ്ങനെ അത്യാവശ്യമില്ലാത്ത ഇനങ്ങൾ ഉൾപ്പെടുത്തി.
ഡ്രെയിനേജ്, വെള്ളം തുടങ്ങി അവശ്യ സൗകര്യങ്ങളില്ലാതെ മത്സ്യച്ചന്ത പൂർത്തിയാക്കി. ചെയ്യാത്ത പ്രവൃത്തികൾക്കായി 4.11ലക്ഷം രൂപ കരാറുകാരന് നൽകിയെന്നും സി.എ.ജി കണ്ടെത്തി.
അതേസമയം 3.61ലക്ഷം കരാറുകാരൻ തിരിച്ചടച്ചെന്നും പോരായ്മകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ ആരംഭിച്ചെന്നും സർക്കാർ വ്യക്തമാക്കി.
ആശുപത്രികളിലെ തിരിമറി
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ദിവസേനയുള്ള വരവ് അതേ ദിവസമോ എത്രയും പെട്ടെന്നോ അടയ്ക്കണമെന്ന കെ.ടി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി, എച്ച്.എം.സിയുടെ പ്രതിദിനം സമാഹരിക്കുന്ന പണം ബാങ്ക് അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് എച്ച്.എം.എസ് കാഷ്ബുക്ക് പരിശോധനയിൽ വെളിവായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017 ജൂലായ് 31 മുതലുള്ള ഓഡിറ്റിലാണ് ക്രമക്കേടുകൾ കണ്ടെത്തുന്നത്. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് കാഷ്ബുക്ക് കൈകാര്യം ചെയ്തതിലെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും കണ്ടെത്തി. 2017 ഏപ്രിൽ 1 മുതൽ 2019 ഓക്ടോബർ 31 വരെയുള്ള കാലയളവിലെ രേഖകളാണ് പരിശോധിച്ചത്. ഡയാലിസിസ് ചാർജ്, ലാബ് ചാർജ്, ഒ.പി ചാർജ്, ഇ.സി.ജി ചാർജ് എന്നീ ഇനങ്ങളിൽ പല ദിവസങ്ങളിലായി കിട്ടിയ തുക കാഷ്ബുക്കിൽ അക്കൗണ്ട് ചെയ്തിരുന്നില്ല. എച്ച്.എം.സി ക്ലാർക്കിനെതിരെ അച്ചടക്കട നടപടിയും 18 ശതമാനം പലിശയോടുകൂടി തിരിമറി നടത്തിയ പണം തിരിച്ചു പിടിക്കാനും ശുപാർശ ചെയ്തിരുന്നെങ്കിലും കടലാസിലൊതുങ്ങി.
സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ ഇതുവരെ കണ്ടില്ല. റിപ്പോർട്ട് കിട്ടിയ ശേഷം വ്യക്തമായി പരിശോധിച്ച് സ്വീകരിച്ച നടപടികൾ സർക്കാരിനെ അറിയിക്കും. കൃത്യമായ മറുപടികൾ നൽകും.
മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസ്