തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്‌ക്ക് ചെലവേറിയാൽ സർക്കാർ ഇടപെടുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഇത്തരം പരാതികൾ ജില്ലാതലത്തിൽ ഡി.എം.ഒയും സംസ്ഥാനതലത്തിൽ സർക്കാർ രൂപീകരിക്കുന്ന അതോറിട്ടിയും കൈകാര്യം ചെയ്യുമെന്ന് എൻ.എ. നെല്ലിക്കുന്നിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയനുസരിച്ച് ജൂലായ് മുതൽ സംസ്ഥാനത്തെ 263 സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്ത് അവിടങ്ങളിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നുണ്ട്. ഇതിനായി ഇതുവരെ 132.61കോടി രൂപ സർക്കാർ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.