cherunniyoor

വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ ഡി.സി.സി പ്രവർത്തനമാരംഭിക്കാത്തതിനെതിരെ പ്രതിഷേധം. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. മൂന്ന് കണ്ടെയ്ന്റ്മെന്റ് സോണുകളും നിരവധി കൊവിഡ് രോഗികളുമുള്ള ഗ്രാമപഞ്ചായത്താണ് ചെറുന്നിയൂർ. ജില്ലയിൽ ഇതുവരെ ഡി.സി.സി പ്രവർത്തിക്കാത്ത ഏക പഞ്ചായത്തും ചെറുന്നിയൂരാണ്. ഒ.എസ്. അംബിക എം.എൽ.എയും ജില്ലാപഞ്ചായത്തംഗം പ്രിയദർശിനിയും ഇടപെട്ടതിനെ തുടർന്ന് ചെറുന്നിയൂർ ജി.എച്ച്.എസ്.എസിൽ ഡി.സി.സി ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതികത്വം പറഞ്ഞ് ഗ്രാമപഞ്ചായത്തധികൃതർ അതൊഴിവാക്കി. തുടർന്ന് കല്ലുമലക്കുന്നിലെ സ്വകാര്യ വിദ്യാലയത്തിൽ ഡി.സി.സി ആരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ നാളിതുവരെ ഒരു രോഗിയെപോലും അവിടെ പാർപ്പിച്ചിട്ടില്ല. ചെറുന്നിയൂരിലെ കൊവിഡ് ബാധിതരെ മറ്റു പ്രദേശങ്ങളിലെ ഡി.സി.സികളിലാണ് പാർപ്പിക്കുന്നത്.

ഇതിനെത്തുടർന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ സമരവുമായി മുന്നോട്ട് വന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ഡി.സി.സി ഉടൻ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് സമരക്കാർക്ക് ഉറപ്പും നൽകി. സി.പി.എം നേതാക്കളായ കെ. വിശ്വനാഥൻ, ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം രജനി അനിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷിബുതങ്കൻ, സനൽകുമാർ, ചന്തുരാജ്, ലീന, ഡി.വൈ.എഫ്.ഐ നേതാക്കളായ അമൽരാജ്, അഖിൽ, സുഹാസ് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.