cpim

തിരുവനന്തപുരം: ലക്ഷദ്വീപിൽ ഗുജറാത്ത് മോഡൽ കാവിവത്കരണമാണ് ബി.ജെ.പിയും ആർ.എസ്.എസും ലക്ഷ്യമിടുന്നതെന്നും അധികാരം ഉപയോഗിച്ച് ലക്ഷദ്വീപ് നിവാസികളെ സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കാനാണ് ബി.ജെ.പിയും അഡ്മിനിസ്‌ട്രേറ്ററും ശ്രമിക്കുന്നതെന്നും എളമരം കരീം എം.പി. രാജ്ഭവന് മുന്നിൽ നടന്ന ഇടത് എം.പി.മാരുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യത് സംസാരിച്ചു.
സംസ്‌കാരം കൊണ്ടും ജീവിത രീതികൾ കൊണ്ടും ലക്ഷദ്വീപ് കേരളത്തിന്റെ ഒരുഭാഗം തന്നെയാണെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. ലക്ഷദ്വീപിൽ ആർ.എസ്.എസ് - ബി.ജെ.പി അജണ്ടയാണെന്നും, ജനങ്ങൾക്ക് വേണ്ടിയാണ് പരിഷ്‌കരണങ്ങളെങ്കിൽ അവരുമായി ചർച്ച ചെയ്താണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിയുടേയും കോർപ്പറേറ്റ് വൽക്കരണത്തിന്റേയും ഭാഗമായാണ് ലക്ഷദ്വീപ് അഡ്മിനസ്‌ട്രേറ്റർ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് തോമസ് ചാഴിക്കാടൻ എം.പി പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന പരിപാടിയിൽ എം.പിമാരായ വി.ശിവദാസൻ, എം.വി.ശ്രേയാംസ് കുമാർ, എ.എം.ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവരും പങ്കെടുത്തു.