ലൈംഗികശേഷി കുറവ് എന്നാൽ തൃപ്തികരമായ ലൈംഗികബന്ധത്തിന് ആവശ്യമായ ലിഗോദ്ധാരണം ഇല്ലാത്ത അവസ്ഥയാണ്. ചികിത്സയെപ്പറ്റി രോഗിയോട് വിശദമായി പറഞ്ഞ് മനസിലാക്കി, രോഗിയേയും ചികിത്സാരീതി നിശ്ചയിക്കുന്നതിൽ ഭാഗഭാക്കാക്കുകയാണ് ചെയ്യുന്നത്.
ലൈംഗികശേഷിക്കുറവുള്ള രോഗിയുടെ വിശദമായ രോഗചരിത്രം, രോഗിയുടെ പരിശോധന, ആവശ്യമായ ലാബ് പരിശോധനകൾ എന്നിവ ആവശ്യമാണ്. ശേഷിക്കുറവിന്റെ തീവ്രത മനസിലാക്കുന്നതിന് വിശദമായ രോഗചരിത്രം ചോദിച്ചു മനസിലാക്കണം. ലൈംഗികശേഷിക്കുറവ്, ഹൃദ്രോഗത്തിന്റെ ഒരു പരസ്യപ്പലകയാണെന്ന് മനസിലാക്കണം. അതുകൊണ്ടുതന്നെ ഹൃദ്രോഗത്തിന്റെ വിശദമായ പരിശോധനകൾ ഇത്തരം രോഗികൾക്ക് വേണ്ടിവരും.
രോഗിയുടെ രാവിലെയുള്ള രക്തത്തിലെ ടെസ്റ്റോസ്റ്റീറോൺ അളവ് പരിശോധിക്കണം. ചില പ്രത്യേക രോഗികളിൽ പ്രത്യേക പരിശോധനകൾ തന്നെ വേണ്ടിവരും. ഉദാഹരണത്തിന് അപകടംകാരണം ഇടുപ്പെല്ലിന് ഒടിവുണ്ടായ രോഗികളിൽ ലിംഗത്തിലേക്കുള്ള ശുദ്ധരക്തധമനികൾ മുറിഞ്ഞുപോയിരിക്കും. ഇത്തരക്കാർക്ക് പിനൈൽ ആൻജിയോഗ്രാഫി ചെയ്യണം.
ചികിത്സ തുടങ്ങുന്നതിന് മുമ്പ് ആരോഗ്യകരമായ ജീവിതചര്യയെപ്പറ്റി രോഗിയെ പറഞ്ഞ് മനസിലാക്കണം. ക്രമമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ആവശ്യമാണ്. പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. ഇത്തരം രോഗികൾക്ക് ആദ്യപടിയായി ഉള്ളിൽ കഴിക്കാവുന്ന പി.ഡി.ഇ ഫൈവ് ഐ വിഭാഗത്തിൽപ്പെട്ട മരുന്നുകളായ സിൽഡനാഫിൽ, ടാഡലാഫിൽ, വെർഡനാഫിൽ, ലെവനാഫിൽ തുടങ്ങാവുന്നതാണ്. ഹൃദയാഘാതം, ഹൃദ്രോഗത്തിനുള്ള മരുന്നുകളായ നൈട്രൈറ്റുകൾ, അമിതമായ രക്തസമ്മർദ്ദം, വൃക്ക പരാജയം, കരളിന്റെ പ്രവർത്തന തകരാർ, കണ്ണുകളുടെ അസുഖമായ റെറ്റിനൈറ്റിസ് പിഗ് മെന്റോസ മുതലായ സാഹചര്യങ്ങളിൽ പി.ഡി.ഇ ഫൈവ് ഐ മരുന്നുകൾ ഉപയോഗിക്കാൻ പാടില്ല. ടെസ്റ്റോ സ്റ്റീറോൺ ഹോർമോൺ കുറവുള്ള രോഗികൾക്ക് ഈ മരുന്നുകളോടൊപ്പം ടെസ്റ്റോസ്റ്റീറോൺ കൊടുക്കുകയാണെങ്കിൽ കൂടുതൽ പ്രയോജനം ചെയ്യും. ടെസ്റ്റോസ്റ്റീറോൺ ഹോർമോൺ കുത്തിവെയ്പ്, തൊലിപുറത്ത് ഒട്ടിക്കാവുന്ന പാച്ചുകൾ, ജെൽ, നാക്കിനടിയിൽ ഇടാവുന്ന മരുന്ന്, വയറിന്റെ ഭിത്തിയിൽ ഇംപ്‌ളാന്റ് ചെയ്യാവുന്ന മരുന്ന് എന്നിങ്ങനെ പല രൂപത്തിൽ ലഭ്യമാണ്. രക്തത്തിലെ കൊളസ്ട്രോൾ കൂടുതലായ രോഗികൾക്ക് സ്റ്റാറ്റിൻ വിഭാഗത്തിലുള്ള മരുന്നുകൾ പി.ഡി.ഇ ഫൈവ് ഐയ്ക്കൊപ്പം കൊടുക്കുന്നത് ഗുണം ചെയ്യും. വാക്വം ഇറക്‌ഷൻ ഡിവൈസ്, മൂത്രനാളത്തിൽ വയ്ക്കാവുന്ന മരുന്നുകൾ, ലിംഗത്തിൽ കുത്തിവയ്ക്കാവുന്ന മരുന്നുകൾ മുതലായവയാണ് മറ്റ് ചികിത്സാരീതികൾ.
മേൽപറഞ്ഞ ചികിത്സാരീതികളൊന്നും ഫലപ്രാപ്തി തരാത്ത ഒരുപാട് രോഗികളുണ്ട്. അവർക്കുള്ള ചികിത്സാരീതിയാണ് പിനൈൽ പ്രോസ്‌നസസ് ഇംപ്‌ളാന്റ്. 1970 കൾ മുതൽ ലോക വ്യാപകമായി ചെയ്യുന്ന ഈ ശസ്ത്രക്രിയ ഇത്തരം രോഗികൾക്ക് ഒരു അനുഗ്രഹമാണ്.