ko

കോവളം: സമഗ്രവികസനം ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോവളത്തിനായി അനുവദിച്ച 20 കോടിയുടെ പദ്ധതിയിൽ പകുതി പോലും ചെലവഴിക്കാനാകാതെ ടൂറിസം വകുപ്പ്. ഒന്നാംഘട്ടത്തിലെ ഫേസ് ഒന്നിൽ സമുദ്രാബീച്ച് നവീകരണവും പാർക്ക് നിർമ്മാണവുമാണ് ലക്ഷ്യമിട്ടിരുന്നത്. പദ്ധതിക്കായി 9 കോടി ചെലവിട്ട് കഴിഞ്ഞെന്നാണ് ടൂറിസം വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിൽ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ടറ്റ് സൊസൈറ്റിയിലെ തൊഴിലാളികൾ നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ വേലിയേറ്റത്തിൽ സമുദ്രാ ബിച്ചിലെ നടപ്പാത പൂർണമായും തകർന്നു.

രണ്ടാംഘട്ടമായി അനുവദിച്ച ഫേസ് രണ്ടിലെ 10 കോടിയുടെ നിർമ്മാണവും അനന്തമായി നീളുകയാണ്. ശക്തമായ തിരയടിയിൽ കോവളം തീരത്ത് വലിയ നാശനഷ്ടവുണ്ടായി. തീരം പഴയ നിലയിലാകാൻ മാസങ്ങളോളം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം ഇപ്പോൾ സഞ്ചാരികളും എത്തുന്നില്ല. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സീ റോക്ക് ബീച്ച് മുതൽ ലൈറ്റ്ഹൗസ് ബീച്ച് വരെയുള്ള നടപ്പാതകളിലെ ടൈലുകൾ എല്ലാം തിരയടിയിൽ ഇളകിപ്പോയി. പലയിടത്തും നടപ്പാതയുടെ അടിഭാഗത്തുള്ള മണ്ണിളകി കോൺക്രീറ്റ് മുഴുവൻ പൊട്ടിക്കിടക്കുകയാണ്. തീരത്തോട് ചേർന്നുള്ള മിക്ക റസ്റ്റോറന്റുകളിലും തിരയടിച്ച് കയറി ഷട്ടറുകളും വാതിലുകളും ജനാലകളും പൊട്ടിയെന്ന് ഉടമകൾ പറയുന്നു. നടപ്പാത തകർന്നതോടെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത തൂണുകൾ ഏതു നിമിഷവും മറിഞ്ഞുവീഴുമെന്ന അവസ്ഥയിലാണ്.

തീരത്തെ ആശ്രയിച്ച് കച്ചവടം നടത്തുന്നവർ പലരും കടക്കെണിയിലാണ്. കാലാവസ്ഥയും കൊവിഡ് നിയന്ത്രണങ്ങളുംമൂലം മത്സ്യബന്ധനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളും തീരസംരക്ഷണവും അടിയന്തരമായി പൂർത്തിയാക്കുമെന്ന് അടുത്തിടെ തീരം സന്ദർശിച്ച ശേഷം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

 പദ്ധതി 2 ഘട്ടം

 ആകെ 20 കോടി

പ്രതിസന്ധിക്ക് കാരണം

 കടൽക്ഷോഭം

 ശക്തമായ മഴ

 കൊവിഡ് വ്യാപനം