കല്ലമ്പലം: തലസ്ഥാന ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ നാവായിക്കുളം പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലെന്ന് ആക്ഷേപം. സമീപ പഞ്ചായത്തുകളിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഭരണസമിതി, ആരോഗ്യവകുപ്പ്, പൊതുപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഒരുമയോടെ പ്രവർത്തിക്കുമ്പോൾ നാവായിക്കുളത്ത് നാഥനില്ലാത്ത സ്ഥിതിയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നതിനാൽ തന്നെ പഞ്ചായത്തിൽ കൊവിഡ‌് രോഗികളുടെ എണ്ണം അനുദിനം കൂടുകയും ചെയ്യുന്നു.
22 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു വാർഡിൽ നാൽപതോളം രോഗികളുള്ളതായാണ് റിപ്പോർട്ട്. ഇവിടത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയിട്ടുണ്ടെങ്കിലും പ്രവർത്തനം ആ നിലയിലേക്ക് എത്തിയിട്ടില്ല.
സർക്കാർ നിയമിച്ച മെഡിക്കൽ ഓഫീസറും പഞ്ചായത്ത് നിയമിച്ച പാലിയേറ്റീവ് വിഭാഗം ഡോക്ടറും ഇരുപതോളം മെഡിക്കൽ സ്റ്റാഫുകളുമുണ്ട്. എന്നാൽ ഇവർ തമ്മിൽ ഏകോപനമില്ലാത്തതാണ് തിരിച്ചടിയായത്. ഞായറാഴ്ചകളിൽ ഡോക്ടർ ഉണ്ടാകാറില്ല. മറ്റു ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമാണ് ഒ.പി പ്രവർത്തിക്കുക. കൊവിഡിന്റെ സാഹചര്യത്തിൽ സമീപ പഞ്ചായത്തുകളിൽ 4 മണിവരെ ഒ.പി പ്രവർത്തിക്കുമ്പോഴാണ് ഈ അവസ്ഥ. ഇടറോഡുകൾ അടയ്ക്കുന്നതിലാണ് ഭരണസമിതിയും അംഗങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം.
പ്രശ്നങ്ങൾ
ഞായറാഴ്ചകളിൽ ഡോക്ടർ ഉണ്ടാകാറില്ല
മറ്റു ദിവസങ്ങളിൽ ഒ.പി ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം
ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ലാബ് പ്രവർത്തിക്കുന്നില്ല
കൊവിഡ് പ്രതിരോധ കുത്തിവയ്പ് നടക്കുന്ന പി.എച്ച്.സിയുടെ രണ്ടാം നില ചോർന്നൊലിക്കുന്നു
കെട്ടിടത്തിലെ ഇളകിപ്പോയ ഷീറ്റിന് പകരം പുതിയത് സ്ഥാപിക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല
കോളനികളിൽ പകർച്ചവ്യാധി ഭീഷണി
പഞ്ചായത്തിലെ 33 കോളനികളിലും രോഗവ്യാപനം അനുദിനം ഉയരുകയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികൾ കേന്ദ്രീകരിച്ച് ആർ.ടി.പി.സി.ആർ പരിശോധന കൂട്ടിയും ബോധവത്കരണം നടത്തിയും മാത്രമേ രോഗവ്യാപനം തടയാൻ കഴിയുവെന്നാണ് വിലയിരുത്തൽ. ക്വാറന്റൈനിലുള്ള പലരും ആഹാരത്തിനും മറ്റ് അത്യാവശ്യ സാധനങ്ങൾക്കും മരുന്നിനും ബുദ്ധിമുട്ട് അനുഭവിക്കുന്നതായും പരാതിയുണ്ട്. ഇത് ക്വാറന്റൈൻ ലംഘനത്തിനും ഇടയാക്കുന്നു. കോളനിയിൽ പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും പഞ്ചായത്തിൽ നടന്നിട്ടില്ല. ദാരിദ്ര്യത്തിനൊപ്പം രോഗവും മഴയും കൂടിയായതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുമ്പോഴും പഞ്ചായത്ത് അധികൃതർ നിസംഗത പുലർത്തുകയാണെന്ന് ആക്ഷേപമുണ്ട്. രാഷ്ട്രീയ- സാമൂഹിക സംഘടനകളുമായി സഹകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.