kattu

വിതുര: കാടുവിട്ട് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയതോടെ കിടന്നുറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ് മലയോരത്തെ ജനങ്ങൾ. കാട്ടാനയ്ക്കും കാട്ടുപോത്തിനും പിന്നാലെ കാടിറങ്ങുന്ന കാട്ടുപോത്തുകൾ സർവതും ഉഴുതുമറിക്കുകയാണ്. വിതുര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കാട്ടുപോത്തുകൾ ഭീഷണി ഉയർത്തുന്നത്. രണ്ടാഴ്ച മുൻപ് വിതുര പൊന്നാംചുണ്ട് മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് ഇനിയും കാട്ടിലേക്ക് മടങ്ങിയിട്ടില്ല. മാത്രമല്ല പൊന്നാംചുണ്ട് തെന്നൂർ റോഡിൽ ബൈക്കിൽ യാത്ര ചെയ്ത അനവധി പേരെ കാട്ടുപോത്ത് ആക്രമിക്കുകയും ചെയ്തിരുന്നു. കാട്ടുപോത്തിന്റെ ആക്രമണം ഭയന്ന് നാട്ടുകാർ വീട്ടിൽ തന്നെ കഴിയേണ്ട അവസ്ഥയും. ഇപ്പോൾ ഗണപതിയാംകോട് തേവിയോട്, മണിതൂക്കി, വിതുര വാ‌ർഡുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കാട്ടുപോത്ത് ഭീതി പരത്തി വിഹരിക്കുന്നത്. കാട്ടുപോത്തിന്റെ ശല്യം നിമിത്തം രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തുന്ന കാട്ടുപോത്തുകളെ കാട്ടിലേക്ക് മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ വനപാലകർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 തേവിയോട്-ജഴ്സിഫാം റോഡിൽ രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ കാട്ടുപോത്ത് ആക്രമിച്ചു

ബോണക്കാട് മേഖലയിൽ ഒരു തൊഴിലാളിയും കല്ലാർ മേഖലയിൽ ഒരു ആദിവാസിയും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കല്ലാർ, പേപ്പാറ, ജഴ്സിഫാം, ചിറ്റാർ മേഖലകളിലായി നാല് പേർ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായി

 ആക്രമണം പതിവാകുമ്പോൾ

വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കൂടുതൽ ശല്യം നേരിടുന്നത്. കാട് വിട്ട് കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപോത്തുകൾ എസ്റ്റേറ്റുകളിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. ആദിവാസിമേഖലയിൽ നിന്നു സ്കൂളിലേക്ക് വന്ന കുട്ടികളുടെ നേരെയും കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിട്ടുണ്ട്. അന്ന് കുട്ടികൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആനപ്പാറ ചിറ്റാറിന് സമീപം തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികളെയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. അന്ന് തൊഴിലാളികൾ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. നേരത്തെ ബോണക്കാട് മേഖലയിലും കല്ലാർ ആദിവാസി മേഖലയിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. വിതുര പൊൻമുടി-വിതുര റോഡിൽ വിതുര മാ‌ർക്കറ്റ് ജംഗ്ഷന് സമീപമുള്ള റബർ എസ്റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയ ആനപ്പാറ ചിറ്റാർ സ്വദേശിയായവീട്ടമ്മയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

പേടിയോടെ ജനം

കാട്ടുപോത്ത്, പന്നി, കുരങ്ങ് എന്നിവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ഇവയും കൂട്ടത്തോടെ നാട്ടിലേക്കിറങ്ങാൻ തുടങ്ങി. മുൻപൊക്കെ രാത്രിയിൽ മാത്രമായിരുന്നു ഇവയുടെ വിഹാരമെങ്കിൽ ഇപ്പോൾ പട്ടാപ്പകലും തുടരുകയാണ്. അതിനാൽ റബർ ടാപ്പിംഗ് തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും മറ്റും വളരെ ഭീതിയോടെയാണ് ജോലിക്കിറങ്ങുന്നത്. വെളുപ്പിന് റബർ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾക്ക് നേരേയും, പത്രവിതരണത്തിനെത്തിയ ഏജന്റുമാർക്ക് നേരെയും പരക്കെ ആക്രമണമുണ്ടാകുന്നു. കൂട്ടം തെറ്റിയെത്തുന്ന കാട്ടുപോത്തുകൾ റബർതോട്ടങ്ങളിൽ തമ്പടിക്കുകയാണ് പതിവ്.

പടം

വിതുര പൊന്നാംചുണ്ടിൽ ഇറങ്ങിയ കാട്ടുപോത്ത്

വിതുര ശാസ്താംകാവിൽ ഇറങ്ങിയ കാട്ടുപോത്ത്