lorikalum-jcbyum

കല്ലമ്പലം: അനധികൃതമായി കരമണ്ണ് ഖനനം ചെയ്ത് കടത്തിയ 3 ടിപ്പറുകളും 2 ജെ.സി.ബികളും പള്ളിക്കൽ പൊലീസ് പിടിച്ചെടുത്തു. ആറു പേർക്കെതിരെ കേസെടുത്തു. റവന്യൂ - പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് സംബന്ധമായ ഡ്യൂട്ടിയിലായത് മുതലെടുത്താണ് മണ്ണ് കടത്ത് നടന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റേഷൻ പരിധിയിൽ മഫ്തിയിൽ മോട്ടോർ സൈക്കിളിൽ ചുറ്റുകയായിരുന്ന എസ്.ഐ ശരലാലിന്റെ മുന്നിൽ മണ്ണ് നിറച്ച ലോറി വന്നു പെടുകയായിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്ന് പാസ് ഇല്ലാതെയാണ് മണ്ണ് കടത്തുന്നതെന്ന് മനസിലായി.

തുടർന്ന് സ്റ്റേഷനിൽ വിവരം അറിയിക്കുകയും കുന്ന് ഇടിച്ചുമാറ്റുന്ന സ്ഥലത്ത് എത്തി ജെ.സി.ബികളും മറ്റ് ലോറികളും തടഞ്ഞുവയ്ക്കുകയും ചെയ്തു. പള്ളിക്കൽ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വാഹനങ്ങൾ കോടതിക്ക് കൈമാറും. മണ്ണ് - പാറ ഖനനത്തിനെതിരെ കർശന നടപടികൾ തുടരുമെന്ന് എസ്.ഐ പറഞ്ഞു.